കര്‍ണ്ണാടക സംസ്ഥാനത്തിന് പ്രത്യേക പതാക; നിയമ സാധുത പരിശോധിക്കാന്‍ സമിതി

കര്‍ണാടകയ്ക്കായി പ്രത്യേക പതാക രൂപപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒമ്പതംഗ സമിതിയെ നിയോഗിച്ചു. പതാകയുടെ നിയമസാധുത ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടു. പ്രത്യേക പതാകയുടെ നിയമ സാധുത, രൂപം എന്നീ കാര്യങ്ങളില്‍ നിര്‍ദേശം നല്‍കുന്നതിന് വേണ്ടിയാണ് സമിതി. സംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് ഗവര്‍ണര്‍ ജി അന്നപൂര്‍ണ്ണ അനുമതി നല്‍കി.

സംസ്ഥാന പതാക രൂപീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഒരു രാജ്യത്ത് രണ്ട് പതാക അംഗീകരിക്കാനാവില്ലെന്ന വാദവുമായി ബി.ജെ.പി. രംഗത്തെത്തി. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അടയാളപ്പെടുത്തുന്നതാണ് ദേശീയ പതാകയെന്നും, അത് മാത്രമേ അംഗീകരിക്കേണ്ടതുള്ളൂവെന്നും  ബി.ജെ.പി. വ്യക്തമാക്കി.

കാവേരി നദീജല തര്‍ക്ക സമയത്തും ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക കര്‍ണാടകയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.