ജി എസ് ടി തിരിച്ചടിക്കുന്നു ; ഓണക്കാലത്ത് കേരളത്തിനെ കാത്തിരിക്കുന്നത് രൂക്ഷമായ ഭക്ഷ്യക്ഷാമം എന്ന് റിപ്പോര്‍ട്ട്
പാലക്കാട് : ജി എസ് ടി നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമാകും എന്നാണ് കേന്ദ്രവും കൂടാതെ സംസ്ഥാന സര്‍ക്കാരുകളും എല്ലാം പറഞ്ഞത്. എന്നാല്‍ കേരളത്തിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരക്ക് സേവന നികുതിയെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ചരക്ക് നീക്കത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കു മുഖ്യമായും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ജി എസ് ടി തിരിച്ചടിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. കേരള വിപണിയില്‍ പച്ചക്കറി വില റോക്കറ്റ് പോലെ ഉയര്‍ന്നത് കൂടാതെ അരിക്കും ക്ഷാമം തുടങ്ങിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഓണം അടുപ്പിച്ച് അരി പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ക്ഷാമം നേരിടുമെന്നാണ് സൂചന. റേഷന്‍ കടകളിലെ വിതരണം പോലും പ്രതിസന്ധിയിലായിരിക്കുകയാണ്.
സപ്ലൈകോയിലും വളരെ കുറച്ച് ദിവസത്തേക്കുള്ള അരിയാണ് സ്റ്റോക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ കരാറുകാരന്‍ മുന്നറിയിപ്പില്ലാതെ കരാറില്‍ നിന്നും പിന്മാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഓണവിപണിയില്‍ പഞ്ചസാരയ്ക്കും കടുത്ത ക്ഷേമം നേരിടുമെന്നാണ് അറിയുന്നത്. പഞ്ചസാരയ്ക്കുള്ള സബ്സിഡി എടുത്ത് കളഞ്ഞത് മുതലാണീ പ്രതിസന്ധി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് പച്ചക്കറികള്‍ക്കിപ്പോള്‍. ഓണക്കാലത്ത് ആദ്യമായാണ് പച്ചക്കറികള്‍ക്ക് ഇത്രയും തീപിടിച്ച വില. ഇവയ്ക്ക് പുറമേ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കെല്ലാം വില തോന്നും പോലെ വര്‍ധിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുവാന്‍ കാരണമാകുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം ക്ഷാമത്തെ നേരിടാന്‍ ആന്ധ്രയില്‍ നിന്നും അരിയെത്തിക്കാനുള്ള നീക്കം ഭക്ഷ്യവകുപ്പ് നടത്തുന്നുണ്ട്.