ദളിത് പീഢനം ഉന്നയിക്കാന്‍ അനുമതിയില്ല; എംപി സ്ഥാനം രാജിവയ്ക്കുന്നു എന്ന് മായാവതി

ദളിതര്‍ക്കെതിരായുള്ള അക്രമം രാജ്യസഭ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.എസ്.പി. നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കും. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യവ്യാപകമായി ദളിതര്‍ക്കു നേരെ അക്രമം നടക്കുകയാണ്. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ വായ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ, ദളിത് പീഡനം ചൂണ്ടിക്കാട്ടി മായാവതി രാജ്യസഭയില്‍ സംസാരിക്കാന്‍ അനുമതി തേടിയിരുന്നു. വിഷയത്തില്‍ മൂന്നു മിനിറ്റാണ് മായാവതിക്കു സംസാരിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ സമയം അനുവദിച്ചത്.

എന്നാല്‍ ദളിതര്‍ക്കുനേരെയുണ്ടാകുന്ന അക്രമത്തെക്കുറിച്ച് മൂന്ന് മിനിറ്റില്‍ പറഞ്ഞാല്‍ അവസാനിക്കുന്നതല്ലെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഉപാധ്യക്ഷന്‍ ഇതിനെ എതിര്‍ത്തു. ഇതിനേ തുടര്‍ന്ന് മായാവതി രാജി ഭീഷണിയുമായി രാജ്യസഭയില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.