20ന് സര്‍ക്കാര്‍ നഴ്‌സുമാരുമായി ചര്‍ച്ച നടത്താനിരിക്കെ ചെന്നിത്തലയുടെ മുന്നറിയിപ്പ്; സമരം യുഡിഎഫ് ഏറ്റെടുക്കും

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സര്‍ക്കാരിന് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജൂലൈ 20ന് മുന്‍പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാമെന്ന് നഴ്‌സുമാരുടെ സംഘടനയ്ക്ക് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് യു.ഡി.എഫ്. ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത് എന്നതാണ് പ്രത്യേകത. പ്രശ്‌നം എത്രയും വേഗം ഒത്തു തീര്‍പ്പാക്കണം അല്ലാത്തപക്ഷം പ്രതിപക്ഷം നഴ്‌സുമാരുടെ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണ നഴ്‌സുമാര്‍ക്ക് ഒപ്പമാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉപവാസ സമരം നടത്തുകയാണ്. നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പലവട്ടം അവരുടെ സമരപ്പന്തലില്‍ പോയെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.