2011 ലും സുനി തന്നെ വില്ലന്‍ ; യുവ നടിയേയും നിര്‍മ്മാതാവിന്റെ ഭാര്യയേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു, പോലീസ് കസ്റ്റഡിയില്‍ വാങ്ങും

2011 ല്‍ മറ്റാരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി അടക്കം അഞ്ചുപേര്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ്. ഈ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സുനിയെ കസ്റ്റഡിയില്‍ വാങ്ങും. ഇതില്‍ ഉള്‍പ്പെട്ട സുനിയെയും ഇന്നലെ പിടിയിലായ എബിനെയും കൂടാതെ മറ്റു മൂന്നുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പള്‍സര്‍ സുനി അടക്കമുള്ള മറ്റൊരു കൊട്ടേഷന്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. സംഭവത്തില്‍ ഇന്നലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. ഇദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായി യുവനടിയും നിര്‍മാതാവിന്റെ ഭാര്യയും കൊച്ചിയിലേക്കു വരുന്നതറിഞ്ഞാണു സുനില്‍കുമാര്‍ തട്ടിക്കൊണ്ടുപോകലിനു പദ്ധതിയിട്ടത്.

യുവ സംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിലാണു നിര്‍മാതാവിന്റെ ഭാര്യ കുടുങ്ങിയതെന്നാണു വിവരം. 2011ല്‍ നവംബറിലാണു സംഭവം.

ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ എത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുമാറിയാണ് ഈ നടിയെ തട്ടിക്കൊണ്ടുപോയത്.

വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.

ഹോട്ടല്‍ റപ്രസെന്റേറ്റീവ് എന്ന വ്യാജേന ഇയാള്‍ കുറഞ്ഞ വാടകയ്ക്ക് മുറി നല്‍കാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ സമീപിച്ചിരുന്നു. ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.

ഈ കേസുമായി ബന്ധപ്പെട്ട് എറണാകുളം സിറ്റി പോലീസ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് എറണാകുളം സി.ജെ.എം. കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. നാളെ സുനിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പദ്ധതി .