കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത് ; പ്രതിഷേധമറിയിച്ച് സുഗതകുമാരി കോണ്‍ഗ്രസ് വേദിയില്‍

 കോണ്‍ഗ്രസിന്റെ വേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതില്‍ പരസ്യ പ്രതിഷേധവുമായി കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി. ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരൊയി കെ.പി.സി.സി. സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടന വേദിയില്‍ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള മൗനപ്രാര്‍ത്ഥനയാണ് നടത്തിയത്.

ഇതേത്തുടര്‍ന്നാണ് പ്രതിഷേധവുമായി സുഗതകുമാരി രംഗത്തെത്തിയത്.കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചതെന്നായിരുന്നു സുഗതകുമാരിയുടെ ചോദ്യം. കോണ്‍ഗ്രസിന് നാലുവരി ഈശ്വരപ്രാര്‍ഥനയില്ലേയെന്നും വന്ദേമാതരത്തിന്റെ ആറുവരിയെങ്കിലും ഈശ്വരപ്രാര്‍ഥനയായി ചൊല്ലിക്കൂടെയെന്നും സുഗതകുമാരി വേദിയില്‍ ചോദിച്ചു. എന്നാല്‍ ഇതിന് നേതാക്കളൊന്നും കാര്യമായ മറുപടി നല്‍കിയില്ല.

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടെന്നും സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീ സമൂഹത്തിനെതിരാണെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു. മദ്യത്തിനെതിരെ നടത്തുന്ന സമരത്തില്‍ തന്റെ മനസ്സ് മടുത്തെന്നും യു.ഡി.എഫിന്റെ മദ്യനയം തിരുത്തിയതോടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും സുഗതകുമാരി പറഞ്ഞു.