പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ നിലവിലുള്ളൂ എന്നും കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. പ്രതീഷ് ചാക്കോ വ്യാഴാഴ്ച രാവിലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന ഉത്തരവോടെയാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ നിലവിലുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം. ദിലീപിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പ്രതീഷ് ചാക്കോ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. പ്രതീഷ് ചാക്കോയ്ക്ക് ലഭിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ഇയാള്‍ ദിലീപിന് നല്‍കിയെന്നും പിന്നീട് ദിലീപ് ഇത് സുഹൃത്ത് വഴി വിദേശത്തേയ്ക്ക് കടത്തിയെന്നും പോലീസിന് വിവരം ലഭിച്ചുവെന്നാണ് കരുതപ്പെടുന്നത്. ദിലീപ് അറസ്റ്റിലായതോടെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസ് നീക്കം. ഇതിനിടെയാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.