രേഖകള്‍ ഒന്നും കാണാനില്ല ; ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്‌കെച്ചും എവിടെയെന്ന് നഗരസഭയ്ക്ക് അറിയില്ല

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് കെട്ടിടത്തിന്റെ കൈവശാവകാശ രേഖ കാണാനില്ല. ചാലക്കുടി നഗരസഭയുടെ ഫയലില്‍ കെട്ടിടത്തിന്റെ സ്‌കെച്ചും കൈവശാവകാശ രേഖയുമില്ല. ഈ രണ്ടു രേഖകളുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് എങ്ങനെ പെര്‍മിറ്റ് അനുവദിച്ചു എന്നതും ദുരൂഹമാണ്. രേഖകള്‍ കാണാനില്ലെന്ന കാര്യം വിജിലന്‍സിനെ അറിയിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

ചാലക്കുടിയില്‍ നടന്‍ ദിലീപന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചിരുന്നു. ചാലക്കുടിയിലെ കയ്യേറ്റഭൂമിയിലാണ് ദിലീപ്, ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്നു തൃശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായതിനാല്‍ മൊത്തം ഭൂമിയുടെയും ഉടമസ്ഥാവകാശ രേഖകള്‍ സംബന്ധിച്ച് റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും.

ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതിനാലാണ് വിശദമായ അന്വേഷണം. ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ കയ്യേറ്റഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതില്‍ പിന്നീട് തുടര്‍നടപടിയൊന്നുമുണ്ടായിരുന്നില്ല.