മുടി നീട്ടിവളര്‍ത്തി എന്ന പേരില്‍ കേരളാ പോലീസ് യുവാവിനെ കൊലപ്പെടുത്തി ; കാരണം അവന്‍റെ നിറം കറുപ്പായിരുന്നു ജാതി ദളിതനും
കറുത്ത നിറം ഉള്ളവര്‍ എല്ലാം കേരളാ പോലീസിന് കുറ്റവാളികളാണ്. അല്ലെങ്കില്‍ അവര്‍ ഉയര്‍ന്ന ജാതിയില്‍ ഉള്ളവരായിരിക്കണം അതുമല്ലേല്‍ കയ്യില്‍ നല്ല കാശ് വേണം. ഇത് രണ്ടും ഇല്ലെങ്കില്‍ ഉറപ്പാണ് കറുത്ത് മെലിഞ്ഞുണങ്ങിയ ശരീരം ഉള്ളവരൊക്കെ സാമൂഹിക വിരുദ്ധരും കുറ്റവാളികളും ആകും. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന സമയത്ത് പോലീസ് സേന എങ്ങനെയായിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴും എന്ന് പോലീസിന്റെ കുറ്റവാളികളെ തിരിച്ചറിയുന്നതിലുള്ള സമീപനം കണ്ടാല്‍ മനസിലാകും. വെളുത്ത് തുടുത്ത് മാന്യമായി വസ്ത്രംധരിച്ച ഒരു കുറ്റവാളി പോലീസിന്‍റെ മുന്‍പിലൂടെ തെക്ക് വടക്ക് നടന്നാല്‍ സംശയത്തിന്റെ പേരില്‍ പോലും തടഞ്ഞുനിര്‍ത്താറില്ല . അതേസമയം കറുത്ത് മെലിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരുവന്‍ റോഡിന്‍റെ വശത്ത് വെറുതെ നിന്നാല്‍ മതി പോലീസ് അവനെ തൂക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ട് പോകും. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നടന്നുവരുന്ന ഒരു ആചാരമാണ് ഇത്.
പോലീസിന്റെ ഈ മനസ്ഥിതി കാരണം ഒരു യുവാവിന്‍റെ ജീവന്‍ തന്നെ നഷ്ടമായിരിക്കുകയാണ് ഇപ്പോള്‍. തൃശൂര്‍ വാടാനപ്പള്ളി പാവറട്ടിയില്‍ പങ്കന്‍ തോട് കോളനിയിലെ ചക്കാണ്ടന്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ വിനയകനാണ് (19) പോലീസ് പീഡനത്തിനെ തുടര്‍ന്ന്‍ ജീവിതം അവസാനിപ്പിച്ചത്. റോഡ് വക്കില്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചു നിന്നതിനാണ് വിനായകനെ പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ട് പോയത്. ദളിത് തൊഴിലാളിയുടെ മകന്‍ മുടി വളര്‍ത്തി എന്നതായിരുന്നു പൊലീസിന് വിനായകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണം. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന്‍ തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാല മോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവ കണ്ട പൊലീസുകാര്‍ക്ക് അതൊന്നും ഇഷ്ടമായില്ല. ഇതൊക്കെ പണക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും ഇവരൊക്കെ ഇപ്പോഴും കീറിയ തോര്‍ത്ത് മാത്രം ഉടുത്ത് ജീവിക്കെണ്ടവര്‍ ആണ് എന്നും നമ്മുടെ സമൂഹത്തില്‍ ഒരു ചിന്താഗതി ഇപ്പോഴും ഉണ്ട് അതുകൊണ്ട് തന്നെ പോലീസ് ആ പേരില്‍ മര്‍ദനം ആരംഭിക്കുകയായിരുന്നു എന്ന് വിനായകന്റെ സുഹൃത്ത് പറയുന്നു.
സാജനെന്ന പൊലീസുകാരനാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് (സാജന്‍ ജനിച്ചപ്പോള്‍ മുതല്‍ വെളുത്തനിറമുള്ളവരെ മാത്രമാകും കണ്ടിട്ടുണ്ടാവുക). മുടി വെട്ടാന്‍ പോലീസ് പറഞ്ഞത് അനുസരിക്കില്ല എന്ന് തുറന്നു പറഞ്ഞ വിനായകന് പിന്നെ ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനം. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്താണ് ഈ മര്‍ദ്ദനം നേരിട്ട് കണ്ടത്. പ്രദേശത്തെ സിപിഐഎം ഏരിയ സെക്രട്ടറിയോടും തനിക്ക് സ്‌റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന്റെ തലേദിവസം വിനായകന്‍ പറഞ്ഞിരുന്നു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചു. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. മണ്ണുത്തിയില്‍ ബ്യൂട്ടിപാര്‍ലര്‍ തൊഴിലാളിയാണ് വിനായകന്‍.സ്റ്റേഷനില്‍ വെച്ച് പല കേസുകളും ചെയ്തത് താനാണ് എന്ന് സമ്മതിക്കുവാന്‍ പോലീസ് വിനായകനെ നിര്‍ബന്ധിക്കുകയും സമ്മതിക്കാത്തതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം ആയപ്പോള്‍ അച്ഛന്‍ ഒരു സാമൂഹികപ്രവര്‍ത്തകനെ കൊണ്ട് വന്നു ഇരുവരെയും ഇറക്കിക്കൊണ്ട് പോവുകയായിരുന്നു. പോലീസ് പീഡനത്തില്‍ മനോവിഷമത്തിലായ വിനായകന്‍ ഇന്നലെ ഉച്ചയ്ക്ക് തൂങ്ങി മരിക്കുകയായിരുന്നു.
വിനായകന്‍ മരിച്ച ശേഷം മൃതദേഹ പരിശോധനയ്ക്ക് വന്ന എസ്.ഐയുയും പൊലീസുകാരനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആര്‍ഡിഓയും ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം തുടര്‍നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്.