ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ; ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്ക് വലിയ തുക മാറ്റി

നടന്‍ ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുളളതായി റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കി. ചാലക്കുടിയിലെ ഡി സിനിമാസ് മള്‍ട്ടി പ്ലക്‌സ് തിയ്യറ്റര്‍ സമുച്ചയത്തില്‍ പലരുടെയും ബിനാമി നിക്ഷേപമുളളതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.

കൂടാതെ ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ചും അന്വേഷണങ്ങള്‍ തുടരുകയാണ്. മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബിനാമി നിക്ഷേപമെന്ന് സംശയിക്കുന്ന അക്കൗണ്ടില്‍ നിന്നും വലിയ തുക ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇത് കൂടാതെ മലയാളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധനവിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദേശം നല്‍കി.