ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ ; ജയിലിലേയ്ക്ക് കത്തുകള്‍ പ്രവഹിക്കുന്നു, സെല്‍ നമ്പര്‍ 2/523, കത്തുകള്‍ വായിക്കാതെ ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും കത്തുകള്‍ ജയിലിലേയ്ക്ക്. മുപ്പതോളം കത്തുകളാണ് ഇതുവരെ ദിലീപ് കഴിയുന്ന ആലുവ സബ്ജയിലിലേക്ക് എത്തിയത്. ഇതില്‍ രണ്ടെണ്ണം രജിസ്‌ട്രേഡ് പോസ്റ്റാണ്. ഭൂരിഭാഗം കത്തുകളിലേയും വിലാസം ഒന്നുതന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2/523, സബ്ജയില്‍, ആലുവ.

ഒരു കത്തില്‍ ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റില്‍ ഇപ്പോള്‍ ആലുവ സബ്ജയില്‍ എന്നും എഴുതിയിട്ടുണ്ട്. ഇന്‍ലന്‍ഡും സാധാരണ കവറുകളും പോസ്റ്റ് കാര്‍ഡുമൊക്കെയാണ് എല്ലാവരും കത്തയക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മതിയായ സ്റ്റാംപുകളുമുണ്ട് എല്ലാ കത്തിലും.

രജിസ്‌ട്രേഡ് തപാലുകള്‍ അധികൃതര്‍ ദിലീപിനെക്കൊണ്ട് തന്നെ ഒപ്പിടീച്ച് വാങ്ങിപ്പിച്ചു. കത്തുകള്‍ ജയില്‍ സൂപ്രണ്ട് വായിച്ചശേഷം തടവുകാര്‍ക്ക് കൈമാറുകയാണ് സാധാരണ രീതി. എന്നാല്‍ ദിലീപ് ഈ കത്തുകള്‍ വായിക്കാന്‍ താത്പര്യം കാണിക്കാത്തതിനാല്‍ ജയിലില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ജയില്‍മോചിതനാകുമ്പോള്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുന്ന കത്തും കൊടുത്തുവിടും.