ഹൈക്കോടതി മധ്യസ്ഥതയും ഫലം കണ്ടില്ല; നഴ്സുമാര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
ശമ്പള വര്‍ദ്ധനവ് ആവശ്പ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതി മീഡിയേഷന് കമ്മിറ്റി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. ചര്‍ച്ച പരാജയമാണെന്നും നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ. വ്യക്തമാക്കി. ചര്‍ച്ച ഫലം കണ്ടെന്നും കിട്ടാവുന്ന ജീവനക്കാരെ വെച്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
വേതനം നിശ്ചയിക്കുന്ന കാര്യത്തില്‍ നഴ്സുമാരുടെ സംഘടനയും മാനേജുമെന്റുകളും തമ്മില്‍ പൊതുധാരണയിലെത്താനായില്ല. 20000 അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്സുമാരുടെ സംഘടനകള്‍ ഉറച്ചുനിന്നു. ഈ ആവശ്യം അംഗീകരിക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞത്. മാനേജുമെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന യു.എന്‍.എ. കുറ്റപ്പെടുത്തി.
മാനേജ്മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് നാളെ നഴ്സുമാര്‍ കൂട്ട അവധിയെടുക്കും. നഴ്സുമാരില്‍ മൂന്നിലൊന്നുപോലും മാനേജ്മെന്റ് ഇപ്പോള്‍ വച്ച നിര്‍ദേശത്തെ സ്വാഗതം ചെയ്യില്ലെന്ന നിലപാടിലാണ് യു.എന്‍.എ.
ചര്‍ച്ച പരാജയമല്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അവകാശപ്പെട്ടു. ലഭ്യമാകുന്ന നഴ്സുമാരെ വെച്ചിട്ടായാലും ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി. സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് മാനേജുമെന്റുകളുടെ നിലപാട്.