കുട്ടമാനഭംഗക്കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു; ജനം പൊലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു

ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ കൊത്ഖായ് പൊലീസ് സ്റ്റേഷന്‍ അഗ്‌നിക്കിരയാക്കുകയും ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.

മാനഭംഗവുമായി ബന്ധപ്പെട്ട് പിടിയിലായ നേപ്പാള്‍ സ്വദേശി സുരാജ് സിങി (29) നെ ബുധനാഴ്ച രാത്രിയാണ് കൊത്ഖായ് സ്റ്റേഷനിലെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പട്ട് ഇന്നലെ മിക്കയിടങ്ങളിലും ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ നേരിടാന്‍ പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഷിംല പൊലീസ് മേധാവി ഡി.ഡബ്ല്യു നെഗി വ്യക്തമാക്കി. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലമാറ്റിയതായും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.

ഈ മാസം നാലിനാണ് സ്‌കൂളില്‍ നിന്നും മടങ്ങിയ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. രണ്ടുദിവസത്തിനു ശേഷം മൃതദേഹം ഹലൈല വനത്തില്‍ നഗ്‌നമായ നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സുരാജ് സിങിനെ കൂടാതെ ആശിഷ് ചൗഹാന്‍ (29), രജീന്ദര്‍ സിങ് (32), സുഭാഷ് സിങ് (42), ദീപക് (38), നേപ്പാളുകാരനായ ലോക് ജാന്‍ (19) എന്നിവരാണ് ഈ മാസം 13ന് പിടിയിലായത്.

സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യംചെയ്യലില്‍ അഞ്ചംഗ സംഘം വെളിപ്പെടുത്തി. പെണ്‍കുട്ടിയെ വാഹനത്തില്‍ ബലാല്‍ക്കാരമായി കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് കര്‍ഷകനായ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിര്‍ഭയ മോഡല്‍ മാനഭംഗത്തില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്.