സമര വിജയം നേടി വിദ്യര്‍ഥികള്‍; കണ്ണൂരില്‍ വിദ്യാര്‍ഥികളെ ജോലിക്ക് നിയമിക്കാനുള്ള കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചു
മൂന്നു ദിവസമായി കണ്ണൂരിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്. നഴ്സിംഗ് സമരം നേരിടുന്നതിനായി അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ജോലിക്കു കയറണമെന്ന ഉത്തരവും കളക്ടര്‍ മരവിപ്പിച്ചു. സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കേതിരെ യാതൊരു നടപടികള്‍ സ്വീകരിക്കില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നഴ്സുമാരുടെ സമരം നേരിടുന്നതിനുവേണ്ടി നഴ്സിംഗ് വിദ്യാര്‍ഥികള്‍ ജോലിക്കു കയറണമെന്നു ഞായറാഴ്ചയാണ് കളക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ പഠിപ്പുമുടക്കി സമരം നടത്തി വരികയായിരുന്നു. അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം.
കണ്ണൂരിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനായിരുന്നു ജില്ലാ കളക്ടര്‍ നിര്‍ദേശം. യാത്രാ ചെലവിനും ഭക്ഷണത്തിനുമായി ജോലിക്കെത്തുന്ന ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
അതേ സമയം കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടി അപലപനീയമാണെന്ന് ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും ഇന്ന് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.