ലാല്‍ ജോസ് കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താനാകാതെ പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍ (വീഡിയോ)
സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നതില്‍ അത്ഭുതമില്ല. അത്തരത്തില്‍ ഒരു സംഭവമാണ് മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ വേളയില്‍ സംഭവിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യില്‍ എടുത്ത് നടന്നു വരുന്ന മോഹന്‍ലാല്‍ ആണ് വിഡിയോയില്‍ കാണുന്നത്. കുട്ടിയെ തന്റെ മടിയില്‍വച്ച് മോഹന്‍ലാല്‍ ഉച്ചത്തില്‍ പൊട്ടി കരയുന്നു. തുടര്‍ന്ന് ഷോട്ട് എടുത്ത് സംവിധായകന് കട്ട് പറഞ്ഞപ്പോള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരും മോഹന്‍ലാലിന്റെ അഭിനയ മികവിന് നിറഞ്ഞ കയ്യടി നല്‍ക്കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന് തന്റെ കഥാപാത്രത്തില്‍നിന്നും തിരികെ വരാന്‍ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ചു കഴിഞ്ഞശേഷവും സങ്കടം അടക്കാന്‍ കഴിയാതെ മോഹന്‍ലാല്‍ പൊട്ടിക്കരഞ്ഞു. ഇതുകണ്ട സഹ പ്രവര്‍ത്തകര്‍ ഒടുവില്‍ അടുത്തെത്തി മോഹന്‍ലാലിനെ എഴുന്നേല്ക്കാന് സഹായിച്ചു.
ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കോളജ് അധ്യാപകനായ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു കഥാപാത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. സലിം കുമാര്‍, അനൂപ് മേനോന്, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.