യോഗിയ്ക്ക് ആശ്വസിക്കാന്‍ വകയില്ല; അധികാരമേറ്റെടുത്ത ശേഷം യുപിയില്‍ 729 കൊലപാതകങ്ങളും 803 ബലാത്സംഗങ്ങളും
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള കണക്കുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍. യോഗി ആദിത്യ നാഥ് അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍ 803 ബലാത്സംഗ കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി.
729 കൊലപാതകങ്ങളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് 15 മുതല്‍ മെയ് എട്ടു വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് കണക്കുകള്‍ വ്യക്തമാക്കിയത്. 799 കൊള്ളയടി കേസുകള്‍, 2,682തട്ടിക്കൊണ്ട് പോകല്‍ കേസുകള്‍, 60 കവര്‍ച്ച എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും ഇവ നേരിടുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും വ്യക്തമാക്കണമെന്ന സമാജ് വാദി പാര്‍ട്ടി എംഎല്‍എ ശൈലേന്ദ്ര യാദവ് ലാലായുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതക കേസുകളില്‍ 67.16 ശതമാനം കേസുകളിലും 71.12 ശതമാനം ബലാത്സംഗ കേസുകളിലും 52.23 ശതമാനം തട്ടിക്കൊണ്ട് പോകല്‍ കേസുകളിലും നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. 81.88 ശതമാനം കൊള്ളയടി കേസുകളിലും 67.05 ശതമാനം കവര്‍ച്ചാ കേസുകളിലും നടപടി സ്വീകരിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു.