ബിജെപി കോഴ വിവാദം പാര്‍ലമെന്റിലും ചര്‍ച്ച; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴക്കുന്നു

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങി എന്ന ആരോപണം പാര്‍മെന്റിലും ചൂടുള്ള ചര്‍ച്ചയായി. കോഴ ആരോപണത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഈ കോഴ ഇടപാട് കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ദേശീയ തലത്തില്‍ തന്നെ നടന്ന അിമതിയാണെന്നും എം.പി. പറഞ്ഞു. കേരളത്തിലെ ബി.ജെ.പി. ഘടകത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

അഞ്ച് കോടി 60 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ്.ആര്‍. കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി അഞ്ച് കോടി 60 ലക്ഷം രൂപ ബി.ജെ.പി. സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്.

കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എം.ടി. രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്. ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ എല്ലാ വിഷയങ്ങളോടും അതിവേഗം പ്രതിരിക്കാറുള്ള ബി.ജെ.പി. നേതാക്കള്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കു ശേഷവും പ്രതിരിക്കാന്‍ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രതികരണങ്ങള്‍ നടത്താറുള്ള സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ സംസ്ഥാന അധ്യക്ഷ്യന്‍ വി. മുരളീധരനും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ഫെയ്‌സ് ബുക്ക് പോസ്റ്റുകളും ഇതുമായി ബന്ധപ്പെട്ട് വന്നിട്ടില്ല.