വാടികരിയുന്ന താമര മോഹങ്ങള്‍ ; ബിജെപിക്കിത് കണ്ടകശ്ശനിയുടെ അപഹാരമോ ?..
നിരീക്ഷകന്‍
തിരുവനന്തപുരം: ‘ ഒരു മെഡിക്കല്‍ കോളേജ് പോയിട്ട് ഒരു നേഴ്‌സറി സ്‌കൂള്‍ പോലും വാങ്ങി നല്‍കാന്‍ കെല്‍പ്പില്ലാത്തയാള്‍ ആണ് ഞാന്‍’. മെഡിക്കല്‍ കോഴയില്‍ കുരുങ്ങിയ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നെഞ്ചത്തടിച്ച് നിലവിളിക്കുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പതിനെട്ടടവും പയറ്റുമ്പോള്‍ മറുഭാഗത്ത് എല്ലാം ചീറ്റിതെറിക്കുകയാണ്. ചക്കര കുടത്തില്‍ കൈയിട്ടു നക്കുന്നതില്‍ ഭിന്നരല്ല ബി.ജെ.പിയും എന്നതാണ് പുതിയ കോഴ കഥയിലൂടെ പുറത്തു വരുന്നത്.
ബി.ജെ.പി. ദേശീയ നേതൃത്വം ആകെ കലിപ്പിലാണ്. ആര്‍.എസ്.എസ്. നേതൃത്വവും പുതിയ സംഭവ വികാസങ്ങളില്‍ ആകെ അസ്വസ്ഥരാണ്. സാത്വികനും വിശ്വസ്തനുമായ കുമ്മനം രാജശേഖരനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയെ കേരളത്തിന്റെ മുക്കിലും മൂലയിലും കെട്ടിപടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു സംഘവും മോദിഅമിത് കൂട്ടുകെട്ടും. എന്നാല്‍, ‘ഞങ്ങളെ തല്ലണ്ടമ്മാവ ഞങ്ങള്‍ നേരെയാവില്ലെന്ന’ ലൈനില്‍ കേരളത്തിലെ ബി.ജെ.പി. നേതൃത്വവും.
‘നായയുടെ വാല് പന്തീരാണ്ട്’ കൊല്ലം കുഴലിലിട്ടാലും നേരെയാവില്ലെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ ബി.ജെ.പിയുടെ കാര്യം. കള്ള നോട്ടടി, കുഴല്‍ പണം ദാ ഇപ്പോള്‍ മെഡിക്കല്‍ കോഴയും. അകത്തളങ്ങളില്‍ ഒതുക്കി വെയ്ക്കാന്‍ ശ്രമിച്ചിട്ടും അങ്ങാടി പാട്ടായി. അത് പുറത്തു ചാടിച്ചതില്‍ കുമ്മനത്തെ വെട്ടി കേന്ദ്ര മന്ത്രിയാവാന്‍ നടക്കുന്ന ചാനല്‍ മൊതലാളിയാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.
എല്ലാം കൊണ്ടു ബി.ജെ.പിക്കിത് കണ്ടക ശനിയുടെ കാലമാണ്. അത് കൊണ്ടേ പോകുവെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ബി.ജെ.പിയെ ഒരു കരയ്ക്കടുപ്പിക്കാന്‍ ലക്ഷ്യമിട്ടെത്തിയ കുമ്മനം ജി ആകെ ഖിന്നനാണ്. രാജി സന്നദ്ധത കുമ്മനം സംഘ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായി പാണന്‍മാര്‍ പാടി തുടങ്ങി. വിശ്വ ഹിന്ദു പരിഷത്തുമായി കേരളത്തിലെ ഹിന്ദുക്കളെ നേര്‍ വഴിക്ക് നടത്തിക്കാനുള്ള നടപ്പിലായിരുന്നു കുമ്മനം ജി.
ബി.ജെ.പിയുടെ മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പു പോലും ഇല്ലാതിരുന്നു കുമ്മനം ജിയെ അവിടെ നിന്നും പിടിച്ച പിടിയാലെ കൊണ്ടു വന്നാണ് അധ്യക്ഷനാക്കിയത്. കേരളം അടക്കി വാഴുന്ന കാലം സ്വപ്നം കണ്ടായിരുന്നു നരേന്ദ്ര മോദിജിയും അമിത് ഷാ ജിയും ചേര്‍ന്ന് കുമ്മനത്തെ കസേരയില്‍ ഇരുത്തിയത്. എന്നാല്‍, ചുറ്റിനും പഴയ ഗ്രഹങ്ങള്‍ തന്നെ. പിന്നെങ്ങനെ രക്ഷപ്പെടാനാണെന്ന് പാണന്‍മാരും.
പുതുതായി കെട്ടിപൊക്കുന്ന മാരാര്‍ജി ഭവനില്‍ ഭാവിയിലെ കേരള മുഖ്യമന്ത്രിക്കുള്ള ഓഫിസ് വരെ ഒരുക്കുന്ന തിരിക്കിലായിരുന്നു കക്ഷികള്‍. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ഉപദേശക വൃന്ദത്തെയും കുമ്മനം ജി ചുറ്റിലും നിയമിച്ചു. എല്ലാം ക്ലിഫ് ഹൗസും ഒന്നാം നമ്പര്‍ കാറുമെല്ലാം സ്വപ്നം കണ്ടിട്ടു തന്നെയായിരുന്നു. എല്ലാം വെറുതെയാവുമോ എന്നൊരു ശങ്കയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. രമേശനും സഹകരണ സെല്‍ വിനോദുമെല്ലാം കൂടി പെടുത്തി കളഞ്ഞത് ബല്ലാത്ത കുഴിയിലായി പോയി.