രാം നാഥ് കോവിന്ദ് ഇന്ത്യുടെ പ്രഥമ പൗരന്‍; ഇന്ത്യയുടെ 14ാം രാഷ്ട്രപതി

ഇന്ത്യയുടെ 14ാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥിയായിരുന്ന മീരാകുമാറിനെ പരാജയപ്പെടുത്തിയാണ് കോവിന്ദ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രഥമ പൗരന്‍ എന്ന പദവിയിലേക്ക് നടന്നു കയറിയത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മികച്ച ലീഡ്. 7,02,644 വോട്ടുകള്‍ കോവിന്ദിന് ലഭിച്ചു. 3,67,314 വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചു. ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എം.എല്‍.എമാരുടെ വോട്ട് മാത്രമാണ് മീരാ കുമാറിന് ലഭിച്ചത്.

ഗോവയില്‍ 17 ല്‍ 11 എം.എല്‍.എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. 21 എം.പിമാരുടെയും 16 എം.എല്‍.എമാരുടെയും ഉള്‍പ്പെടെ 37 വോട്ടുകള്‍ അസാധുവായി.
ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ബീഹാറില്‍ ആര്‍.ജെ.ഡി. കോണ്‍ഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ട് നേടി.