ജി എസ് ടി ; ദുബായില്‍ സ്വര്‍ണ്ണം വില കുറഞ്ഞു ; സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ദുബായ് : ജി എസ് ടി നടപ്പിലായതോടെ രാജ്യത്തെ പൌരന്മാര്‍ക്ക് അതുകൊണ്ട് ഉപയോഗം ഉണ്ടായോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുന്ന സമയം. ജി എസ് ടി കാരണം പ്രവാസികള്‍ക്ക് ഗുണമാണ് ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ദുബായില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ്. സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയില്‍ സ്വര്‍ണത്തിന് 3% നികുതി വര്‍ദ്ധിച്ചു. ഇതാണ് വിദേശത്തെ സ്വര്‍ണ വില്‍പ്പന കൂടാന്‍ കാരണം. ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ദുബായിയില്‍. ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍, ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ തുടങ്ങിയവരാണ് ദുബായിയില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. 10 ഗ്രാം സ്വര്‍ണത്തിന് 3600 രൂപയോളം ലാഭമുണ്ടെന്ന് ജൂവലറിയുടമകള്‍ പറയുന്നു.

ഇതുകാരണം ദുബായിലെ ജ്വല്ലറികളില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ച് മുതല്‍ 10 ശതമാനം വരെയാണ് ഇവിടെ വില്‍പ്പന വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം പ്രവാസി സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാര്‍ക്ക്  അര ലക്ഷം രൂപയുടെയും ആഭരണങ്ങള്‍ വിദേശത്ത് നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലധികമുള്ളവക്ക് 10 ശതമാനം ഇറക്കുമതി തീരുവ നല്‍കണം. എങ്കിലും ലാഭം വിദേശ സ്വര്‍ണം തന്നെ വാങ്ങുന്നതാണ്.