കോഴ പ്രധാനമന്ത്രിക്ക് അപമാനം ; ബിജെപിക്ക് എതിരെ വെള്ളാപ്പള്ളി നടേശന് രംഗത്ത്
ബി.ജെ.പി. നേതാക്കള്‍ കേരളത്തില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബി.ജെ.പി. കേരള നേതൃത്വത്തിനെതിരെ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ്. സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന് രംഗത്ത്.
കോഴ വാങ്ങിയ സംഭവം പ്രധാനമന്ത്രിക്ക് തന്നെ അപമാനമാണ്. കേരളത്തിലെ ബി.ജെ.പി. അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോഡിയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് നീതിയോ മര്യാദയോ കേരളത്തിലെ നേതാക്കള്‍ കാണിച്ചിട്ടില്ല. കോടികള്‍ മറിഞ്ഞെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. മോഡിയും അമിത്ഷായും കേരള ഘടകത്തെ ശുദ്ധീകരിക്കണമെന്നും കേരള നേതൃത്വം അഴിച്ചു പണിയണമെന്നും വെളളാപ്പള്ളി ആവശ്യപ്പെട്ടു.
കേരളത്തിലെ ബിജെപി ഘടകത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഡി.എ. ഘടകകക്ഷി കൂടിയായ ബി.ഡി.ജെ.എസ്. സ്ഥാപകന്‍ കൂടിയായ വെള്ളാപ്പള്ളിയുടെ പ്രതികരണം.