നഴ്‌സുമാരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന് ; വിട്ടു വീഴ്ച്ചയ്ക്കില്ലാതെ സംഘടനകള്‍
നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നിര്‍ണായക യോഗം ഇന്നു നാലുമണിക്ക്. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികളാണു പങ്കെടുക്കുന്നത്. രാവിലെ 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും.
കഴിഞ്ഞ 10നു ചേര്‍ന്ന മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഈ യോഗത്തില്‍ അംഗീകരിച്ചു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച. ചര്‍ച്ച പൊളിഞ്ഞാല്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി തന്നെ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ സംഘടനയും ആശുപത്രി മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
ഏറ്റവും കുറഞ്ഞത് 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്‌സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകളും നിലപാടെടുത്തു. ഇരുപതോളം ആശുപത്രികളില്‍ സമരത്തിനു നേതൃത്വം കൊടുക്കുന്ന ഐ.എന്‍.എയുടെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല. ഇവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്താല്‍ മാത്രമേ പ്രശ്‌നപരിഹാരത്തിനു സാധുതയുള്ളൂ എന്ന നിലപാടെടുത്തതോടെയാണ് ചര്‍ച്ച അവസാനിപ്പിച്ചത്. നഴ്‌സുമാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ലെന്നു ചര്‍ച്ചയ്ക്കുശേഷം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു.