ശബരിമല വിമാനത്താവളം ; മന്ത്രിസഭായോഗ തീരുമാനം ദുരൂഹമെന്ന് വിഎം സുധീരന്‍, പിന്നില്‍ ഉന്നതതല ഗൂഢാലോചന

ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത മന്ത്രിസഭായോഗ തീരുമാനം ദുരൂഹമാണെന്ന് കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. ഫേസ്ബുക്കിലൂടെയാണ് സുധീരന്‍ വിമാനത്താവളത്തിന് ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിക്കുന്നത്.

ഹാരിസണ്‍ പ്ലാന്റേഷനും അവരില്‍ നിന്ന് അനധികൃതമായ ഭൂമി നേടിയെടുത്തവര്‍ക്കും നിയമപരമായി ഈ എസ്റ്റേറ്റില്‍ യാതൊരു അവകാശവുമില്ലെന്ന് എം.ജി.രാജമാണിക്യം ഐ.എ.എസ്. അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ഈ ഭൂമിയാണ് വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയത്. ഹാരിസണും ഭൂമിയുടെ ഇപ്പോഴത്തെ അവകാശികള്‍ക്കും അവകാശമില്ലാത്ത സര്‍ക്കാര്‍ ഭൂമി അവരുടേതെന്ന രീതിയില്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തോടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായി നേരത്തെയുണ്ടായ ഹൈക്കോടതി വിധിയും മറ്റു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത നിലവിലുള്ള കേസുകളും സത്യവാങ്മൂലവും അട്ടിമറിക്കപ്പെടും. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിട കൈയേറ്റക്കാര്‍ നിയമവിരുദ്ധമായി കൈവശംവച്ചിട്ടുള്ള 5.5 ലക്ഷത്തോളം ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ഭൂമി അവരുടെ അവകാശവാദം അംഗീകരിച്ച് അവര്‍ക്ക് തന്നെ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ വിമാനത്താവളത്തിന്റെ മറവിലുള്ള മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.