ബിജെപി കോഴ : മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്ന് രമേശ് ചെന്നിത്തല, കേന്ദ്ര നേതൃത്വത്തിനും പങ്ക്‌

കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ കോഴ വാങ്ങിയ സംഭവത്തില്‍ കേന്ദ്ര നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ വന്‍ തോതില്‍ അഴിമതി നടത്തുകയാണെന്നും മെഡിക്കല്‍ കോളേജ് കോഴ ആരോപണം കളളനോട്ടടി വിവാദത്തിന്റെ അനുബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ കള്ളനോട്ടടി യന്ത്രം പിടിച്ചെടുത്ത സംഭവത്തില്‍ ഉള്‍പ്പെട്ടത് പ്രാദേശിക ബി.ജെ.പി. നേതാക്കളായിരുന്നു. മധ്യപ്രദേശിലെ പോലെ വന്‍ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.