നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു ; മൊഴി നല്‍കിയത് സുനിയുടെ മുന്‍ അഭിഭാഷകന്‍

കൊച്ചിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ താന്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ. സുനി തനിക്ക് നല്‍കിയ മൊബൈല്‍ ഫോണ്‍ ജൂനിയറിന് കൈമാറിയെന്നും നശിപ്പിച്ചെന്നും പ്രതീഷ് ചാക്കോ പോലീസിന് മൊഴി നല്‍കി.

ഇയാളുടെ മൊഴി ശരിയാണോ എന്ന് പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം പോലീസ് പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പ്രതീഷ് ചാക്കോയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

കോടതിയിലെത്തി കീഴടങ്ങാന്‍ ശ്രമിക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോക്ക് കൈമാറിയിരുന്നു. പിന്നീട് ഈ ഫോണ്‍ മറ്റൊരു ‘വിഐപി’ക്ക് ദിലീപിന് വേണ്ടി നല്‍കിയെന്നാണ് പ്രതീഷിന്റെ വെളിപ്പെടുത്തല്‍. ഇനി അന്വേഷണ സംഘത്തിന്റെ അന്വേഷണം ഈ ‘വിഐപി’യെ തേടിയാവുമെന്നാണ് ലഭിക്കുന്ന വിവരം