ബാഹുബലിയെ പേലെ വെള്ളച്ചാട്ടത്തിലേയ്ക്ക് ചാടി ; അനുകരണം യുവാവിന്റെ ജീവനെടുത്തു
താരങ്ങളുടെ ഹോര്‍ഡിങ്ങുകളില്‍ പാലഭിഷേകം നടത്തിയും താരങ്ങള്‍ ബിഗ് സ്ക്രീനിലെത്തുന്നതു പോലെ അമാനുഷിക പ്രവര്‍ത്തിക്കാന്‍ ഒരുങ്ങിയുമെല്ലാം ജീവന് വെടിഞ്ഞു പോയവര്‍ ഒരുപാടുണ്ട്. എത്ര അനുഭവിച്ചാലും പഠിക്കില്ലെന്ന നിലപാടാണ് എന്നാല്‍ മറ്റു ചിലര്‍ക്ക്. ബാഹുബലിയെ അനുകരിച്ചാണ് കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവ് മരിച്ചത്.
ബാഹുബലി ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് പ്രഭാസിന്റെ കഥാപാത്രം ചാടുന്ന രംഗമുണ്ട്. വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളചാട്ടം കാണാനെത്തിയ ഇന്ദ്രപാല്‍ പാട്ടീല്‍ എന്ന വ്യവസായിയാണ് പ്രഭാസിന്റെ കഥാ പാത്രത്തെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയത്.
പക്ഷേ ലക്ഷ്യം പിഴച്ചു. അയാളുടെ തല പാറയിലിടിച്ച് മാരകമായി പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരിക്കുകയും ചെയ്തു. മുകളിലേക്ക് കയറുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ തടഞ്ഞെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ മരണത്തിലേയ്ക്ക് എടുത്തു ചാടിയത്.
സിനിമാതാരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് കടുത്ത സുരക്ഷാ സജ്ജീകരണങ്ങളോടു കൂടിയാണ്. പലതും ഗ്രാഫിക്സിന്റെ സഹായത്തോടെ ഉണ്ടാക്കിയെടുക്കുന്ന രംഗങ്ങളുമാണ്. ഇത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നതുമാണ് എന്നാലും ഇത്തരത്തില്‍ മരണം വിളിച്ചു വരുത്തുന്നവര്‍ ഇപ്പോഴും വിരളമല്ല.
നിര്‍മ്മാണ വീഡിയോ കാണാം