ദീപ നിശാന്തിനു സംഘപരിവാര്‍ വധഭീഷണി ; പരിപാടികളില്‍ തടയും
തൃശൂരിലെ ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനു ഹിന്ദു സംഘടനകളുടെ വധഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ദീപ നിശാന്ത് പരാതി നല്‍കി. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളജ് ക്യാംപസില്‍ എം.എഫ്. ഹുസൈന്റെ ചിത്രം ബാനര്‌റില്‍ വെച്ചിരുന്നു.
ഇതിനെ അനുകൂലിച്ചതാണു ഹിന്ദു സംഘടനകലുടെ എതിര്‍പ്പിനു കാരണം. സംഘപരിവാര്‍ സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണു വധഭീഷണി. ഇന്നു തൃശൂര്‍ എങ്ങണ്ടിയൂരില്‍ ദീപ പങ്കെടുക്കുന്ന പരിപാടി തടയുമെന്നും ഭീഷണിയുണ്ട്.
എസ്.എഫ്.ഐ. കേരളവര്‍മ കോളജില്‍ സ്ഥാപിച്ച ഹുസൈന്റെ ‘സരസ്വതി’ ചിത്രം പതിച്ച ബോര്‍ഡിനു നേരയുള്ള സംഘപരിവാര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചതിനുള്ള മറുപടിയായി, ദീപ നിശാന്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് കാവിപ്പട എന്ന ഗ്രൂപ്പുകളില്‍ ഉള്‍പ്പെട പോസ്റ്റ് ചെയ്തിരുന്നു.
നഗ്‌നയായ സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവച്ച് ഇതു ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണു നടത്തിയത്. ഒന്നിലധികം ഫേക്ക് ഐഡികളിലൂടെ നടത്തിയ ഈ സൈബര്‍ കുറ്റകൃത്യത്തെ നിയമപരമായി നേരിടുമെന്നു ദീപ നിശാന്ത് അറിയിച്ചു.
എഫ്. ബി. പോസ്റ്റ്
‘കലയിലെ സ്വാതന്ത്ര്യമല്ല ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെവച്ചു കളിക്കുന്നത് എന്നു നിങ്ങള്‍ക്കു താമസിയാതെ മനസ്സിലായിക്കോളും. മിത്തും റിയാലിറ്റിയും രണ്ടാണ്. നിങ്ങള്‍ക്കു മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂ, വ്യക്തികളുടെ പുറത്തില്ല. മിത്ത് ഏതോ കാലത്തിലെ ഭാവനയാണ്. ആ ഭാവനയ്ക്കുമുകളിലുള്ള തുടര്‍ഭാവനകളെ മരവിപ്പിക്കാന്‍ ആര്‍ക്കും ജനാധിപത്യരാജ്യത്തില്‍ കഴിയില്ല. കഴിയുകയുമരുത്.
നിങ്ങളീ കയറുപൊട്ടിക്കുന്ന ഇതിഹാസങ്ങളൊക്കെ അങ്ങനെ തുടര്‍ഭാവനകളില്‍ നൂറ്റാണ്ടുകള്‍ കൊണ്ടു രൂപമെടുത്തവയാണ്. നിങ്ങളെപ്പോലുള്ളവര്‍ അക്കാലത്തു സാംസ്‌കാരികാധികാരം കയ്യാളാതിരുന്നതുകൊണ്ട് അവയൊക്കെ ഇന്നു നമ്മള്‍ വായിക്കുന്നു. നിങ്ങള്‍ ഏകശിലാരൂപമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുമതത്തിനകത്തെ നൂറുകണക്കിനു ധാരകളും ആയിരക്കണക്കിനു പിരിവുകളും ഇത്തരം ഭിന്ന തുടര്‍ഭാവനകളുടെ സൃഷ്ടികളാണ്’