പ്രവാസി വോട്ടവകാശത്തിന് പിന്തുണയുമായി കേന്ദ്രം; സമയം എത്ര വേണമെന്ന് സുപ്രീം കോടതി
പ്രവാസികള്‍ക്ക് വോട്ടിങ്ങ് സിസ്റ്റം നടപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതിയാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് എത്ര സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ബില്ല് തയ്യാറാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി രണ്ടാഴ്ച കോടതി സര്‍ക്കാരിന് സമയം അനുവദിച്ചു.
പ്രവാസിവോട്ട് നടപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമമാണോ ചട്ടങ്ങളുെട ഭേദഗതി ആണോ വേണ്ടതെന്ന് അറിയിക്കാന്‍ നേരത്തെ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. പ്രവാസി വോട്ടിനുളള നിയമഭേദഗതി കേന്ദ്രം കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുളളില്‍ നടപ്പക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിരുന്നു. ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.