ദേശ സ്‌നേഹം : രാജ്യത്തെ സ്‌കൂളുകള്‍ സൈനിക സ്‌കൂള്‍ മാതൃകയില്‍ വേണമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ്

യുവതീ യുവാക്കളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സൈനിക സ്‌കൂളുകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. മാനവശേഷി മന്ത്രാലയത്തിനാണു പ്രധാനമന്ത്രിയുടെ ഓഫിസ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദേശിയ മാധ്യമമായ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥികളില്‍ ദേശസ്‌നേഹവും അച്ചടക്കവും ശാരീരിക ക്ഷമതയും വളര്‍ത്തുകയാണു ഇതിന്റെ ലക്ഷ്യമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ നയിക്കുന്ന മാനവശേഷി മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം ചര്‍ച്ചചെയ്തു. കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ സൈനിക സ്‌കൂളിന്റെ മാതൃക നടപ്പാക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

വി.കെ. കൃഷ്ണ മേനോന്‍ പ്രതിരോധമന്ത്രി ആയിരിക്കെ 1961ല്‍ ആണ് സൈനിക സ്‌കൂള്‍ എന്ന ആശയം കൊണ്ടുവന്നത്. യുവാക്കളെ പ്രതിരോധ മേഖലയില്‍ ജോലിയെടുക്കാന്‍ പ്രാപ്തരാക്കുകയായിരുന്നു പ്രധാനലക്ഷ്യം.