ബിജെപി വീണ്ടും കോഴക്കെണിയില്‍; എംബിഎ കോളേജിനായി വാങ്ങിയത് 18 ലക്ഷം

ബിജെപി കേരള  ഘടകത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോളജ് കോഴയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കെതിരെ വീണ്ടും പരാതി. എം.ബി.എ. കോളേജ് തുടങ്ങാനായി ഡല്‍ഹിയില്‍ നിന്നും അനുമതി നേടി തരാമെന്ന് വാഗ്ദാനം ചെയ്ത് ആറന്മുള സ്വദേശിയില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം ഉയരുന്നത്.

പത്തനംതിട്ട കോലഞ്ചേരി സ്വദേശിയായ കോളേജ് ഉടമയാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്. ഡല്‍ഹിയില്‍ നിന്നാണ് ഇടപാട് നടന്നതെന്നാണ് സൂചന. ബി.ജെ.പി. മെഡിക്കല്‍ കോഴ വിവാദമായ സാഹചര്യത്തില്‍ സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.

പാലക്കാട് ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബി.ജെ.പി. സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. ബി.ജെ.പി. നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.