താനിനി ഈ പാര്‍ട്ടിയിലുണ്ടാകില്ല ; നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് എം.ടി രമേശ്, ഗൂഞാലോചന നടത്തിയവര്‍ക്കെതിരെ നടപടി വേണം
ബി.ജെ.പി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഒപ്പമുള്ളവര്‍ തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എം.ടി. രമേശ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പാര്‍ട്ടിയിലെ ചിലര്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നും രമേശ് പറഞ്ഞു. അതിനിടെ, എം.ടി രമേശിനെതിരെ ചിലര്‍ വ്യാജരേഖ ചമച്ചുവെന്ന് നേതൃയോഗത്തില്‍ ആരോപണം ഉയര്‍ന്നു. സംസ്ഥാന വക്താവ് വി.കെ. സജീവനാണ് ആരോപണവുമായി രംഗത്തെത്തിയത്.
പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയണമെന്നും സജീവന്‍ മുന്നറിയിപ്പ് നല്കി. വി.വി. രാജേഷ് പ്രമേയം അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു സജീവന്റെ ആരോപണം. മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുന്നതിനായി ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തില്‍ കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കോഴ അന്വേഷണത്തിന് കമ്മിഷനെ നിയമിച്ചവര്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് കുമ്മനം നല്‍കിയ വിശദീകരണം.