കോഴ ആരോപണങ്ങള്‍ തള്ളി ബിജെപി; മറുപടി സംസ്ഥാന നേതൃയോഗത്തിനു ശേഷം
മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും സംസ്ഥാന നേതൃയോഗത്തിനുശേഷം മറുപടിയുമായി ബി.ജെ.പി. നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍ പിളളയും കെ. സുരേന്ദ്രനും.
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വിവാദം ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും വ്യക്തമാക്കി. ആര്‍. എസ് വിനോദ് ചെയ്തത് വഞ്ചനയാണെന്നും എം.ടി രമേശ് സംഭവത്തില്‍ കുറ്റക്കാരനല്ലെന്നും നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. ഇതിനെതിരെ പരാതി കൊടുക്കണമെങ്കില്‍ ബി.ജെ.പിയുടെ കൈയില്‍ തെളിവെന്താണ് ഉളളതെന്നും സാമാന്യ ബുദ്ധിയനുസരിച്ച് നിങ്ങള്‍ ചിന്തിക്കണമെന്നും ശ്രീധരന്‍പിളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
നേതാക്കന്‍മാരില്ല, ഒരാളുടെ പേര് മാത്രമാണ് ആരോപണങ്ങളിലുളളത്. എംടി രമേശിന്റെ പേര് ഇതില്‍ ഇല്ലെന്നും അയാള്‍ കേരളത്തിലെ വളര്‍ന്നുവരുന്ന രാഷ്ട്രീയനേതാവായ സ്ഥിതിക്ക് അയാളെ കുടുക്കാന്‍ ആരെങ്കിലും ചെയ്തതായിരിക്കും ഇതെന്നും ശ്രീധരന്‍പിളള വിശദമാക്കി.
സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആ അന്വേഷണത്തോട് ബി.ജെ.പി. സര്‍വാത്മനാ സഹകരിക്കും. ഇതിനകത്ത് ബി.ജെ.പിയെ ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നാണ് പാര്‍ട്ടി യോഗങ്ങള്‍ കൂടി കണ്ടെത്തിയത്. എന്ത് തെളിവുകള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് കൊണ്ടുവരാം. ബി.ജെ.പിക്ക് ഒരു പങ്കുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.