ജയിലില്‍ നിന്നു പുറത്തു വന്ന കത്തെഴുതിയത് വിപിന്‍ലാല്‍ തന്നെ; ദുരൂഹത ഇല്ലെന്നും സഹതടവുകാരന്‍ ജിന്‍സണ്‍

പള്‍സര്‍ സുനി ജയിലില്‍ നിന്നു ദിലീപിനയച്ച കത്തിനു പിന്നില്‍ മറ്റൊരു തടവുകാരനായ വിപിന്‍ലാല്‍ ആണെന്ന് ജിന്‍സണ്‍. ഇക്കാര്യത്തില്‍ ദുരൂഹതയൊന്നുമില്ല. സുനി ആവശ്യപ്പെട്ടതുപ്രകാരം മറ്റൊരു തടവുകാരനായ വിപിന്‍ലാലാണു കത്തെഴുതിയതെന്നും ഇരുവരും ജയിലില്‍ സുഹൃത്തുക്കളായിരുന്നുവെന്നും ജിന്‍സണ്‍ പറഞ്ഞു.

പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ത്തന്നെ അത് എഴുതിയതു സുനിയല്ലെന്നു വ്യക്തമായിരുന്നു. ജയിലില്‍ സുനിയെ പാര്‍പ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിന്‍ലാലിന്റെ കയ്യക്ഷരമാണു കത്തിലുള്ളതെന്നു തെളിഞ്ഞതാണ്. എന്നാല്‍  വിപിന്‍ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് നിര്‍ബന്ധിപ്പിച്ച് എഴുതിപ്പിച്ചതാണെന്നാണ്.

ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയത്. എന്നാല്‍ എഴുതിയശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിനു കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കു വാട്‌സാപ്പില്‍ അയച്ചു കൊടുക്കുകയുമായിരുന്നു.

നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാന്‍ സുനില്‍ കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ നമ്പര്‍ അടക്കം വിവരങ്ങള്‍ ജിന്‍സണാണു പോലീസിനു നല്‍കിയത്.