എംഎല്‍എ പീഡിപ്പിച്ചത് ഒന്നിലധികം തവണ; കോവളം എംഎല്‍എക്കെതിരെ യുവതിയുടെ വെളിപ്പെടുത്തലുമായി ദേശാഭിമാനി
ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കോവളം എം.എല്‍.എ. എം. വിന്‍സന്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച ബാലരാമപുരം സ്വദേശിനിയെ എം. വിന്‍സന്റ് എം.എല്‍.എ. പീഡിപ്പിച്ചത് ഒന്നിലധികം തവണയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറി രണ്ടുതവണ ബലാത്സംഗം ചെയ്ത എം.എല്‍.എ. കടയില്‍ വെച്ചും പീഡിപ്പിച്ചതായി യുവതി ദേശാഭിമാനിയോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു സംബന്ധിച്ച് മജിസ്‌ട്രേട്ടിനും അന്വേഷണ സംഘത്തിനും മുമ്പാകെ യുവതി മൊഴി നല്‍കിയിട്ടുണ്ട്.
നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എം.എല്‍.എ. അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.
സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി എം.എല്‍.എ. യുവതിയെ ബലാത്സംഗം ചെയ്തതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എം.എല്‍.എ. യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്.
എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി. ഗത്യന്തരമില്ലാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തി.
ഭര്‍ത്താവുമൊന്നിച്ച് എം.എല്‍.എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എം.എല്‍.എയുടെ ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
എം വിന്‍സന്റ് എംഎല്‍എയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗം സ്പീക്കര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഉടന്‍തന്നെചോദ്യംചെയ്യും. കേസില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കുമെന്ന് സ്പീക്കറിന് നല്‍കിയ കത്തില്‍ പറയുന്നു. എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തിരുന്നു.