വിന്‍സന്റ് എം.എല്‍.എ പിടിച്ച പീഡന പുലിവാലില്‍ വട്ടം കറങ്ങുന്ന കോണ്‍ഗ്രസ് ; ആര് ചോദിക്കും രാജി, ഹസനും ചെന്നിത്തലയും മൗനവ്രതത്തില്‍

നിരീക്ഷകന്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയ കോവളം എം.എല്‍.എ വിന്‍സന്റ് കോണ്‍ഗ്രസിന് ബാധ്യതയാവുന്നു. എല്ലാ സ്ത്രീ വിഷയങ്ങളിലും പ്രതികരിച്ചിരുന്ന കോണ്‍ഗ്രസിലെ വമ്പത്തികളായ മഹിളാ നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ഒടുവില്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്നും പുറത്തു വന്നു. എന്നാല്‍, എം.എം ഹസനും രമേശ് ചെന്നിത്തലയും വിന്‍സന്റ് വിഷയത്തില്‍ തൃശങ്കു സ്വര്‍ഗത്തിലാണ്.

രാജ്യമാകെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ ഗ്രഹണ സമയമാണ്. പാര്‍ട്ടിയെ പറയിക്കാന്‍ ഇങ്ങനെ ചിലര്‍ വന്നാല്‍ എത്രവലിയ നേതാവായാലും പെട്ടു പോകും. ബിന്ദുവും ഷാനിമോളും വിന്‍സന്റിനോട് എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍, കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും രാജി ആവശ്യപ്പെടാന്‍ എന്തോയൊരു വല്ലായ്ക.

രാജി ആവശ്യപ്പെടാന്‍ എളുപ്പമാണ്. രാജി വെച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാം. എന്നാല്‍ വിന്‍സന്റ് എങ്ങാനും രാജി വെച്ചാലോ. ഹോ അവസ്ഥ ചിന്തിക്കാനാവില്ല ഹസന്‍ജിക്കും ചെന്നിത്തലജിക്കും. ഉപതെരഞ്ഞെടുപ്പു വരും. സ്ഥാനാര്‍ഥിയെ കണ്ടെത്തണം. പണം ഉണ്ടാക്കണം. ഇനി വോട്ടു തെണ്ടാന്‍ ഇറങ്ങിയാലോ. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഈ പൊല്ലാപ്പിനൊന്നും പോകാന്‍ തല്‍ക്കാലം കെല്‍പ്പില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. പിന്നെങ്ങനെ രാജി ചോദിക്കും.

കോണ്‍ഗ്രസില്‍ കാക്കത്തൊള്ളായിരം നേതാക്കളുണ്ട്. ഏതു വിഷയത്തിലും ചാനലുകളിലേക്ക് മാറി മാറി ഓടി പ്രതിരണം നടത്താന്‍ എപ്പോഴും റെഡിയായവര്‍. എന്നാല്‍, കോണ്‍ഗ്രസിലെ സിങ്കങ്ങളെയൊന്നും പാവം വീട്ടമ്മയെ പീഡിപ്പിച്ച കേസു വന്നതോടെ ചാനലുകളില്‍ കാണ്‍മാനേയില്ല. ഇങ്ങനെയൊരു സംഭവം മലയാളക്കരയില്‍ നടന്നതായിട്ടൊറവുമില്ല കോണ്‍ഗ്രസിലെ ഒരു ഖദര്‍ ധാരിക്കും. എല്ലാരും നാട്ടൊട്ടുക്ക് ഓടി നടന്ന് കുടുംബസംഗമം നടത്തുന്ന തിരക്കിലാണ്. അതും വനിതയും ശക്തയുമായിരുന്നു ഇന്ദിരാജിയുടെ നാമേധയത്തില്‍.

പീഡനം നടത്തിയ കേസില്‍ കുരുങ്ങിയ എം.എല്‍.എയ്ക്ക് ചൂട്ടുപിടിക്കുന്ന ഈ കാഗ്രസുകാരെ കുടംബത്ത് കേറ്റാന്‍ കൊള്ളാമോയെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന സ്ഥിതിയിലാണ് ഖദര്‍ ധാരികള്‍. സംഘടന തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. സ്ഥാനം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് ഓരോരുത്തരും. അതിനിലിടയിലാണ് ഓണത്തിന് പൂട്ടുക്കച്ചവടം എന്ന പോലെ എം.എല്‍.എയുടെ പീഡനം.

എന്തായാലും പുലിവാല് പിടിച്ച നിലയിലാണ് കോണ്‍ഗ്രസും ഹസനും ചെന്നിത്തലയുമൊക്കെ. പുലിയെ പിടിച്ചു കെട്ടിയില്ലെങ്കില്‍ നന്നായി നാറുമെന്നുറപ്പ്. സൂര്യനെല്ലിയും സോളാറുമൊക്കെ നന്നായി പാര്‍ട്ടിയെ നാറ്റിച്ചതാണ്. അതില്‍ നിന്നെല്ലാം കരകയറി വരുന്നതേയുള്ളു. അതിനിടെയാണ് വിന്‍സന്റ് എം.എല്‍.എ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കുരുങ്ങിയത്. ഇനി എന്തൊക്കെ പൊല്ലാപ്പാണോ ഈ പീഡനക്കേസ് സമ്മാനിക്കുന്നതെന്ന ഭയത്തില്‍ ഇന്ദിരാ ഭവന്‍ വെന്തുരുകുകയാണ്.