ബിജെപി കോര്‍ കമ്മറ്റി : കുമ്മനത്തിനു വിമര്‍ശനം, അമിത് ഷാ അതൃപ്തി രേഖപ്പെചുത്തി

ബി.ജെ.പി. കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗത്തില്‍ കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കോഴ അന്വേഷണത്തിന് കമ്മിഷനെ വച്ചതു കോര്‍ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയെന്നും നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്ന് കുമ്മനം മറുപടി പറഞ്ഞു. അതിനിടെ, മെഡിക്കല്‍ കോഴ വിവാദത്തില്‍ എത്ര ഉന്നതനായാലും വിടില്ലെന്ന മുന്നറിയിപ്പ് കേന്ദ്ര നേതൃത്വം നല്‍കി. ബി.എല്‍. സന്തോഷാണ് കേന്ദ്രത്തിന്റെ നിര്‍ദേശം യോഗത്തില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ നസീര്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.

വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാര്‍ട്ടിയില്‍നിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി.

അതേസമയം മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കാന്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്നു ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.

കമ്മിഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് എങ്ങനെ ചോര്‍ന്നു എന്നതു ഗൗരവപൂര്‍വം ശ്രദ്ധിക്കേണ്ട കാര്യമാണ്. പരാതിയുടെ പകര്‍പ്പുവരെ പ്രതിസ്ഥാനത്തുള്ള വിനോദിനു കിട്ടിയിട്ടുണ്ട്. പരാതി സത്യമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഉചിതമായ നടപടി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍തന്നെ എടുക്കുന്നതാണ് അഭികാമ്യമെന്നും യോഗം വിലയിരുത്തി.