നെയ്മര്‍ എന്ന ആധുനിക ഫുട്‌ബോളിലെ പ്രതിഭയുടെ ട്രാന്‍സ്ഫര്‍ വിവാദമാകുമ്പോള്‍
സംഗീത് ശേഖര്‍
നെയ്മര്‍ എന്ന ആധുനിക ഫുട്‌ബോളിലെ പ്രതിഭകളില്‍ ഒരാളുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ ബാഴ്‌സ ആരാധകരെ വിറളി പിടിപ്പിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ രസകരമാകുന്നത് അയാളെ ഒരു ട്രെയിറ്റര്‍ എന്ന രീതിയില്‍ മുദ്ര കുത്താന്‍ ശ്രമിക്കുന്നതാണ്. അയാളൊരു പ്രൊഫഷനല്‍ ഫുട്‌ബോളറാണ്. കളിക്കുന്ന ടീം തിരഞ്ഞെടുക്കാനുള്ള അവകാശം അയാള്‍ക്കുണ്ട്. ജീവിതാവസാനം വരെ ബാഴ്‌സിലോനയില്‍ കളിച്ചേക്കാം എന്നൊരു ക്ലോസ് ഉള്ളോരു കോണ്ട്രാക്റ്റ് അയാള്‍ സൈന്‍ ചെയ്തതായും അറിയില്ല.
സോഷ്യല്‍ മീഡിയയിലെ ആരാധക വ്ര്യന്ദത്തിന്റെ കോലാഹലങ്ങള്‍ ഒന്നിലും ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കെയും അയാളെ വഞ്ചകനായി മുദ്ര കുത്തി അധിക്ഷേപിക്കുന്ന നാടകങ്ങള്‍ക്ക് തുടക്കമായെക്കും. സാന്റൊസില്‍ കളിച്ചു കൊണ്ടിരിക്കെ അവര്‍ പോലുമറിയാതെ രഹസ്യമായൊരു ഡീല്‍ സൈന്‍ ചെയ്തു അഡ്വാന്‍സും കൈമാറിയ കഥയൊക്കെ നാട്ടില്‍ പാട്ടാണ്. (2011 ല്‍ തന്നെ സാന്റോസ് ബാഴ്‌സയുമായി ഒരു ധാരണയില്‍ എത്തിയിട്ടുണ്ടായിരുന്നു. പെട്ടെന്നുള്ള ഒരു ട്രാന്‍സ്ഫറല്ല, രണ്ടോ മൂന്നോ സീസണുകള്‍ക്കുള്ളില്‍ എന്നായിരുന്നു ധാരണ.
നെയ്മര്‍ പക്ഷെ അന്നത് നിഷേധിക്കുകയും ചെയ്തു. അത് തന്നെ അയാളിപ്പോഴും ചെയ്യുന്നതില്‍ അപാകത കണ്ടെത്തപ്പെടുന്നത് റിസീവിംഗ് എന്‍ഡില്‍ ഇപ്പൊ നമ്മളാണ് എന്നത് കൊണ്ടല്ലേ). ഫിനാന്‍ഷ്യലി അയാള്‍ക്കേറ്റവും ഗുണകരമായ ഒരു ഡീല്‍ മുന്നോട്ടു വരുമ്പോള്‍ അയാളെന്തിനു മാറി നില്‍ക്കണം. ഒരു പരിക്ക് അവസാനിപ്പിച്ചേക്കാവുന്ന താര മൂല്യമേ ലോകത്തെ ഏതൊരു കളിക്കാരനുമുള്ളൂ. ഫസ്റ്റ് ഓഫ് ഓള്‍ നെയ്മര്‍ ബാഴ്‌സയുടെ യൂത്ത് സിസ്റ്റത്തിലൂടെ കടന്നു വന്നു താരമായ കളിക്കാരനല്ല. 2013 ല്‍ ബാഴ്‌സയില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്നേ തന്നെ അയാളിവിടെ താരമാണ്. 2011ലും 2012ലും സൌത്ത് അമേരിക്കയിലെ മികച്ച കളിക്കാരന്‍, 2011 ല്‍ പുഷ്‌കാസ് അവാര്‍ഡും നേടിയ പ്ലെയര്‍. 2013 വരെ ബ്രസീലിനു വേണ്ടി 27 അന്താരാഷ്ട്ര ഗോളുകള്‍. 2013 കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഗോള്‍ഡന്‍ ബോള്‍. ഒഫ് കോഴ്‌സ്, നെയ്മര്‍ അവസാനം വരെ സാന്റൊസില്‍ തന്നെ നില്‍ക്കില്ലായിരുന്നു. യൂറോപ്പിലെ ഏതെങ്കിലുമൊരു വമ്പന്‍ ക്ലബ്ബില്‍ അതിപ്പോ റയല്‍ ആയാലും ബാഴ്‌സ ആയാലും ചെല്‍സിയായാലും അയാള്‍ എത്തുമായിരുന്നു. മൂന്നു ക്ലബ്ബുകളും അയാള്‍ക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു.
ഒരു പരിധി വരെ unsettled എന്ന് തന്നെ പറയണം നെയ്മറുടെ ഇപ്പോഴത്തെ അവസ്ഥയെ. കിരീടങ്ങള്‍ അയാള്‍ കളിക്കുന്ന ക്ലബ്ബിനെ തേടി വരുന്നുണ്ടെങ്കിലും ബാഴ്‌സയിലെ സെന്റര്‍ ഓഫ് അട്ട്രാക്ഷന്‍ എന്നും ലയണല്‍ മെസ്സിയാണ്, ഇനിയും മെസ്സിയായിരിക്കും. ശ്രദ്ധേയമായ കാര്യം മെസ്സിയുമായി യാതൊരു വിധ ഈഗോ ക്ലാഷുകളും ഇല്ലാതിരിക്കുന്ന അവസ്ഥയിലും വ്യക്തിപരമായി താന്‍ കളിക്കുന്നിടത്തെ പ്രധാന ആകര്‍ഷണം താന്‍ തന്നെയാകണം എന്ന് നെയ്മര്‍ ആഗ്രഹിച്ചാല്‍ തെറ്റ് പറയാനാകില്ല. ഇന്ന് ഫുട്‌ബോള്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ക്ക് അയാളെയൊരു ഐക്കണ്‍ പ്ലെയര്‍ ആയി നിര്‍ത്തുന്ന ഒരു ക്ലബ്ബിലേക്ക് മാറാനുള്ള ആഗ്രഹം ഉണ്ടായിരിക്കാം. സ്വാഭാവികമായും റൊണാള്‍ഡോ കളിക്കുന്ന റയല്‍ ഒരു ഒപ്ഷനല്ല. നെയ്മര്‍ ബാഴ്‌സയുടെ ഭാവിയാണ് എന്നതൊരു ഓട്ടയടക്കലാണ്. നിലവില്‍ അയാള്‍ മെസ്സി എന്ന ഐക്കണ്‍ ഒഴിച്ചുള്ള പല നിര്‍ണായക ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്.
റാഫിഞ്ഞ ഒഴികെ മിക്കവാറും എല്ലാ ബ്രസീലിയന്‍സും ബാഴ്‌സ വിട്ടു പോയി കഴിഞ്ഞു എന്നത് വേറൊരു കാര്യമാണ്, ഡഗ്ലാസ് എപ്പോ വേണേലും പോകാം, മര്‍ലോണ്‍ സാന്റോസ് ആണെങ്കില്‍ ആകെ 2 കളിയെ കളിച്ചിട്ടുള്ളൂ. ഡാനി അല്വ്‌സ്, മാര്‍ക്വിഞ്ഞോ, തിയാഗോ സില്‍വ, ഹെബ്ലിംഗ്, ലുക്കാസ് എന്നിങ്ങനെ ബ്രസീലിയന്‍ പ്ലെയെഴ്‌സിന്റെ ഒരു പട തന്നെ പി.എസ്.ജി യിലുണ്ട് എന്നതൊരു യാദൃശ്ചികതയാകാം.
222 മില്ല്യന്‍ യൂറോ എന്ന ട്രാന്‍സ്ഫര്‍ ക്ലോസ് തന്നെയാണു അയാള്‍ക്ക് വേണ്ടിയുള്ള ബിഡ് സമര്‍പ്പിക്കുന്നതില്‍ നിന്നും യൂറോപ്പിലെ വമ്പന്മാരെ രണ്ടാമതൊന്നു ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക. നെയ്മര്‍ ബാഴ്‌സയില്‍ എത്തുന്നത് ഏകദേശം 57.1 മില്ല്യന്‍ യൂറോക്കാണ്, അന്ന് റിലീസ് ക്ലോസ് 190 മില്ല്യന്‍ യൂറോ ആയിരുന്നു. കഴിഞ്ഞ കൊല്ലം കോണ്ട്രാക്റ്റ് renew ചെയ്തപ്പോള്‍ ആദ്യത്തെ കൊല്ലം 200 മില്ല്യന്‍ യൂറോ, രണ്ടാം കൊല്ലം 222 മില്ല്യന്‍ യൂറോ, പിന്നീടുള്ള മൂന്നു കൊല്ലം 250 മില്ല്യന്‍ യൂറോ എന്നിങ്ങനെയാണ് കുശാഗ്ര ബുദ്ധിയോടെ ബാര്‍സയുടെ റിക്രൂട്ട് മെന്റ് സംഘം നിശ്ചയിച്ചത്. അതായത് കോണ്ട്രാക്റ്റ് റെന്യു ചെയ്ത ആദ്യത്തെ കൊല്ലം കഴിയുമ്പോള്‍ നെയ്മര്‍ ടീം വിട്ടു പോകുക എന്നത് ഏറെക്കുറെ അസാധ്യമായ സാഹചര്യങ്ങളിലേക്ക് നീങ്ങിയിരിക്കും. യൂറോയിലാണ് റിലീസ് ക്ലോസ് സെറ്റ് ചെയ്തിരിക്കുന്നത് എന്നിരിക്കെ പൌണ്ട് മൂല്യത്തില്‍ സാമാന്യം വ്യതിയാനം വന്നാല്‍ മാത്രം ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് മാത്രം afford ചെയ്യാന്‍ കഴിയുന്ന ഒരു സാഹചര്യം.
പക്ഷെ ഇപ്പോഴത്തെ ഇംഗ്ലീഷ് വമ്പന്മാര്‍ അത്തരമൊരു മൂവ് നടത്താനുള്ള സാധ്യത വളരെ കുറവുമാണ്. രണ്ടാമത്തെ കൊല്ലം, അതായത് ഇപ്പോഴത്തെ വിന്‍ഡോ കടന്നു കിട്ടിയാല്‍ ഒറ്റയടിക്ക് 250 മില്ല്യന്‍ യൂറോ എന്ന നിലയിലാകും റിലീസ് ഫീ. പി.എസ്.ജി പോലും അത്തരമൊരു അവസ്ഥയില്‍ മടിച്ചേക്കാം എന്നിരിക്കെ നെയ്മരുടെ സമ്മതമില്ലാതെയാണ് ഇപ്പോള്‍ പി.എസ്.ജി ഇറങ്ങിയിരിക്കുന്നത് എന്നൊരിക്കലും കരുതാനാകില്ല. ഞങ്ങള്‍ അയാളെ വില്‍ക്കുന്നില്ല എന്നതും അയാളെ ഇത്ര ട്രാന്‍സ്ഫര്‍ റിലീസ് തുക മുടക്കി ആരും വാങ്ങില്ല എന്നതും രണ്ടാണ്.
നെയ്മര്‍ പോകാം പോകാതിരിക്കാം, അതയാളുടെ മാത്രം തീരുമാനമാണ്, അവകാശമാണ്. നെയ്മരുടെ ട്രാന്‍സ്ഫര്‍ വിവാദമാകുമ്പോള്‍, ഫിഗോ രണ്ടാമന്‍ എന്ന പേര് ചാര്‍ത്തി കൊടുക്കുമ്പോള്‍ ഫിഗോയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല. കറ്റാലന്‍ ജനതയുടെ സ്വാതന്ത്ര്യ വാഞ്ചയെ പിന്തുണക്കുക വഴി ബാഴ്‌സ ആരാധകരുടെ ഹ്ര്യദയം കവര്‍ന്ന ഫിഗോയുടെ റയലിലേക്കുള്ള മാറ്റം അയാളുടെ വാക്കുകള്‍ക്ക് വിരുദ്ധമായിരുന്നു. ഇന്നത്തെ ലയണല്‍ മെസ്സിയെക്കാള്‍ അവര്‍ സ്‌നേഹിച്ച ഒരു കളിക്കാരന്‍ കാട്ടിയ വഞ്ചനക്ക് മാപ്പില്ലായിരുന്നു. ഒരു പ്രൊഫഷനല്‍ ഫുട്‌ബോളര്‍ എന്ന നിലയില്‍ ഏതൊരാള്‍ക്കും അനായാസം കല്പിച്ചു കൊടുക്കേണ്ട അവകാശമാണ് കളിക്കേണ്ട ടീമിനെ തിരഞ്ഞെടുക്കുക എന്നത് എന്നിരിക്കെയും ലൂയിസ് ഫിഗോ കാട്ടിയത് അനീതി തന്നെയായിരുന്നു. അതിനയാള്‍ക്ക് കിട്ടിയ ശിക്ഷ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റൊരു ഫുട്‌ബോളര്‍ക്കും കിട്ടിയിട്ടില്ല. ഗാലറിയിലെ ബാനറുകള്‍ക്ക് അപ്പുറം കടന്നു ഗ്രൗണ്ടില്‍ അയാളുടെ കളിക്കെതിരെ ആക്രമം അഴിച്ചു വിട്ട കാടത്തം പക്ഷെ അംഗീകരിക്കാനാകില്ല. ലൂയിസ് ഫിഗോ എന്ന മനുഷ്യന്‍ രണ്ടു രാത്രികളില്‍ റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ കാട്ടിയ പോരാട്ട വീര്യം ഫുട്‌ബോള്‍ ഉള്ളിടത്തോളം സ്മരിക്കപ്പെടെണ്ടതാണ്. അവിടെ അയാള്‍ക്ക് സമാനതകളില്ല.
ബാര്‍സിലൊണയില്‍ നിന്നും ഫിഗോ അവരുടെ ബദ്ധ വൈരികളായ റയല്‍ മാഡ്രിഡിലേക്ക് കൂറു മാറിയ കാലം. ബാര്‍സ ആരാധകര്‍ക്ക് അതു സഹിക്കാനാകുമായിരുന്നില്ല. റയല്‍ മാഡ്രിഡിന്റെ പണക്കിലുക്കത്തില്‍ തന്നെ താനാക്കിയ ക്ലബിനെ വഞ്ചിച്ചവന്‍ എന്ന വിശേഷണം അയാളുടെ പേരില്‍ ചാര്‍ത്തപ്പെട്ടു. ഒരു പക്ഷെ വേറെ ഏതൊരു ക്ലബ്ബിലേക്ക് ഫിഗോ കൂട് മാറിയിരുന്നെങ്കിലും അവര്‍ സഹിക്കുമായിരുന്നു. ആദ്യത്തെ തവണ ന്യൂ കാമ്പില്‍ എത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തെക്കാള്‍ ക്രൂരമായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെയെത്തുമ്പോള്‍ അയാളെ കാത്തിരുന്നത്. 2002ല്‍ റയലിന്റെ ജേഴ്‌സിയില്‍ ഫിഗോ ബാര്‍സക്കെതിരെ കളിക്കാന്‍ ബാര്‍സയുടെ ഗ്രൌണ്ടില്‍ എത്തിയ ദിവസം അയാള്‍ മറക്കില്ല, ഒരിക്കലും. തിങ്ങി നിറഞ്ഞ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ അന്നു അയാളുടെ ചോരക്കായി ദാഹിച്ചു. അയാള്‍ ഓരോ തവണ പന്ത് തൊടുമ്പോഴും അവര്‍ അയാളെ കൂക്കി വിളിച്ചു. ലോകഫുട്ബാളില്‍ ഇന്നുവരെ ആരും കാണിക്കാത്ത അസാധാരണമായ മനസാന്നിധ്യം അയാള്‍ അന്നു കാണിച്ചു. ഫിഗോ ഉറച്ച ചുവടുകളോടെ ആദ്യത്തെ കോര്‍ണര്‍ എടുക്കാന്‍ നടന്നു ചെന്നു. അലറി വിളിക്കുന്ന കാണികള്‍ അയാള്ക്ക് നേരെ കുപ്പികളും കാനുകളും വലിച്ചെറിഞ്ഞു. ശാന്തനായി ഫിഗോ അതു ഓരോന്നായി പെറുക്കി ഗ്രൌണ്ടിനു പുറത്തേക്ക് കളയാന്‍ തുടങ്ങി. പിന്നെ ഒരു പെരുമഴയായിരുന്നു. പ്രകോപിതരായ കാണികള്‍ ഫിഗോക്കു നേരെ കുപ്പികളും ലൈറ്ററുകളും കാനുകളും വര്‍ഷിച്ചു. എല്ലാം തികഞ്ഞ പ്‌ളാനിങ്ങോടെ നടപ്പാക്കിയ ആക്രമണമായിരുന്നു. ഫിഗോ ഒരു മത്സരത്തില്‍ സാധാരണ എടുക്കുന്ന കോര്‍ണര്‍ കിക്കുകളുടെ എണ്ണം പോലും കാണികള്‍ക്ക് ക്ര്യത്യമായി അറിയാമായിരുന്നു. ആയുധങ്ങളായി അവര്‍ കാത്തിരിക്കുകയായിരുന്നു.
ഫിഗോ സിംഹ ഹ്ര്യദയനായിരുന്നു. അയാള്‍ ഓരോ തവണയും മനപൂര്‍വം കോര്‍ണറുകള്‍ ചോദിച്ചു വാങ്ങി, കോര്‍ണര്‍ ലൈനിനടുത്ത് അയാളെ കാത്തിരുന്ന അനിവാര്യമായ വിധിയെ നെഞ്ച് വിരിചു നിന്നു നേരിട്ടു. കാണികള്‍ അയാളുടെ മരണത്തിനായി ദാഹിച്ചു. അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. സ്പാനിഷ് ഫുട്ബാളിലെ എറ്റവും ശപിക്കപ്പെട്ട ദിവസമായിരുന്നു അതു. പന്നിയുടെ തല വരെ അയാള്‍ക്ക് നേരെ എറിയപ്പെട്ടു. ഫിഗോ അന്നു അക്ഷൊഭ്യനായിരുന്നു. കളിയുടെ തലേദിവസം ഒരു ബാര്‍സ ആരാധകന്‍ പറഞ്ഞതു അയാള്‍ ഓര്‍ത്തു കാണും. ‘നാളെ ലൂയിസ് ഫിഗോ ബാര്‍സയുടെ ഗ്രൌണ്ടില്‍ മരിച്ചു വീഴണം’ മരിക്കാന്‍ ഫിഗോ ഒരുക്കമായിരുന്നില്ല. അന്നയാള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കളി കെട്ടഴിച്ചു. അന്നു കളി കണ്ടവരില്‍ അയാളെ വെറുത്തിരുന്നവര്‍ പോലും മനസ്സില്‍ അയാളെ നമിച്ചു കൊണ്ടാണു കളിക്കളം വിട്ടത്. ഒരു ലക്ഷത്തോളം വരുന്ന ഫുട്ബാള്‍ ഭ്രാന്തന്മാരെ അയാള്‍ തികഞ്ഞ മനസാന്നിദ്ധ്യത്തോടെ നേരിട്ടു. അയാളുടെ കണ്ണുകളില്‍ ഭയം ഉണ്ടായിരുന്നില്ല. മഴവില്താരയില്‍ പന്ത് പറത്തി ഒരു മാന്ത്രിക സാന്നിദ്ധ്യമായി ഫിഗോ റയലിന്റെ മധ്യനിരയില്‍ നിറഞ്ഞു നിന്നു. കളി അവസാനിക്കുമ്പോള്‍ ഫിഗോ ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി പുറത്തേക്കു നടന്നു.
8 വര്‍ഷങ്ങള്‍ക്കു ശേഷം ഫിഗോ 2010ഇല്‍ ഇന്റര്‍ മിലാന്‍ ടീമിന്റെ കൂടെ ഒരു ഒഫീഷ്യല്‍ ആയി വീണ്ടും ബാര്‍സയിലെത്തുന്നു. കാലം എല്ലാ മുറിവുകളെയും മായ്ക്കും എന്ന ധാരണ അന്നവിടെ തിരുത്തപ്പെട്ടു. ഫിഗോ അന്നും വെറുക്കപ്പെട്ടവനായിരുന്നു. അവര്‍ അന്നും അയാള്‍ക്ക് നേരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. അവര്‍ അയാളെ ഒറ്റപ്പെടുത്തി. മടങ്ങുമ്പോള്‍ ഫിഗോ തിരിച്ചറിഞ്ഞിരുന്നു താന്‍ ബാര്‍സയുടെ നെഞ്ചില്‍ എല്പിച്ച മുറിവിന്റെ ആഴം. മരണം വരെ തനിക്കു മാപ്പില്ലെന്നു അയാള്‍ വേദനയോടെ മനസ്സിലാക്കി കാണണം. എന്ത് കൊണ്ട് ഫിഗോ എന്ന ചോദ്യം പലതവണ ചോദിക്കപ്പെട്ടു കഴിഞ്ഞതാണ്. എത്രയോ കളിക്കാര്‍ ക്‌ളബ്ബുകള്‍ വിട്ടു അങ്ങോട്ടുമിങ്ങോട്ടും കൂടു മാറുന്നു, പിന്നെന്തു കൊണ്ട് ബാര്‍സ ആരാധകര്‍ ലൂയിസ് ഫിഗോയെ മാത്രം ഇത്ര മാത്രം വെറുക്കുന്നു? എന്തുകൊണ്ടു ലോകത്തൊരിടത്തും നടക്കാത്ത ഈ സംഭവം ഫിഗോക്കു നേരെ മാത്രം അരങ്ങേറുന്നു?എന്ന ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നു വരാം..അതിനുള്ള മറുപടി അയാള്‍ റയലിലേക്കു കൂട് മാറിയ ശേഷം ആദ്യമായി ബാര്‍സക്കെതിരെ കളിച്ചപോള്‍ ഗാലറിയില്‍ ഉയര്‍ന്ന പ്‌ളക്കാര്‍ഡുകളില്‍ ഉണ്ടായിരുന്നു..’ലൂയിസ് ഫിഗോ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു, കാരണം ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. വിദ്വേഷം അതിര്‍ വരമ്പുകള്‍ ലംഘിച്ചു കുമ്മായ വരക്കപ്പുറത്തേക്ക് കടക്കുന്നത് ഒരിക്കലും അഭികാമ്യമല്ല എന്ന തിരിച്ചറിവ് തന്നെയാണ് ലൂയിസ് ഫിഗോയുടെ ന്യു കാംപിലെക്കുള്ള രണ്ടു വരവുകള്‍ വരച്ചു കാട്ടിയത്…