പോലീസിനെ വലച്ച് പ്രതീഷ് ചാക്കോ; മൊഴിയില്‍ ഞൊടിയിടയില്‍ മാറ്റം വരുത്തി നാടകം
കൊച്ചിയില്‍ നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ വി.ഐ.പി. ഏറ്റുവാങ്ങിയെന്നു പറഞ്ഞ അഭിഭാഷകന്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നു. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്ത അഡ്വ. പ്രതീഷ് ചാക്കോയാണു പോലീസിനെ വലക്കുന്നത്.
മൊബൈല്‍ ഫോണ്‍ ജൂനിയര്‍ അഭിഭാഷകനെ ഏല്‍പിച്ചതായി ആദ്യം മൊഴി നല്‍കിയ പ്രതീഷ് പിന്നീടു മൊബൈല്‍ നശിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. പോലീസിന്റെ പിടിയില്‍ അകപ്പെടാതെ കോടതിയില്‍ കീഴടങ്ങാന്‍ പ്രതി സുനില്‍കുമാ അഭയം തേടിയതു പ്രതീഷ് ചാക്കോയുടെ ഓഫിസിലായിരുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ തൊണ്ടി മൊബൈല്‍ ഗോശ്രീ പാലത്തില്‍ നിന്നു കായലിലേക്ക് എറിഞ്ഞതായി മൊഴി നല്‍കി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ സുനിലിനോടു നിര്‍ദേശിച്ചതും പ്രതീഷ് ചാക്കോ തന്നെയാണ്. കീഴടങ്ങാനെത്തി പോലീസിന്റെ പിടിയിലായ ശേഷവും സുനിലുമായി പ്രതീഷ് സംസാരിച്ചിരുന്നു.
പ്രതിയുടെ ബാഗും വസ്ത്രങ്ങളും വക്കീല്‍ ഓഫിസ് പരിശോധന നടത്തി പോലീസ് പിടിച്ചെടുത്തിരുന്നു. നിയമ സഹായത്തിനപ്പുറം പ്രതിയുടെ കുറ്റകൃത്യം മറയ്ക്കാനുള്ള സഹകരണം അഭിഭാഷകന്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി. ഇക്കാര്യങ്ങള്‍ പോലീസ് കോടതിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.
അഭിഭാഷക വേഷത്തില്‍ പ്രതികളെ കോടതിയിലേക്ക് ഒളിപ്പിച്ചു കൊണ്ടുവന്നുവെന്ന ആരോപണവും പ്രതീഷിനെതിരെ
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറുമെന്ന ഉറപ്പിലാണു ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരുന്നത്. എന്നാല്‍, കേസിലെ പ്രധാന കണ്ണിയെ സംരക്ഷിക്കുന്ന നിലപാടില്‍ അഭിഭാഷകന്‍ ഉറച്ചു നിന്നാല്‍ ഗൂഢാലോചന, തൊണ്ടി നശിപ്പിക്കല്‍, പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളും ചുമത്തിയേയ്ക്കും.