പള്‍സര്‍ സുനിയ്ക്കെതിരെ വധ ശ്രമം ; ക്വട്ടേഷന്‍ നല്‍കിയത് തമിഴ് നാട്ടിലെ ഗുണ്ടാ സംഘത്തിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) നേരെ വധ ശ്രമം നടന്നതായി അന്വേഷണസംഘം. നടിക്കു നേരെ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ സമയത്താണ് പള്‍സര്‍ സുനിയെ വധിക്കാന്‍ ശ്രമമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പള്‍സര്‍ സുനി കൂട്ടുപ്രതികളോട് വിവരം പറഞ്ഞതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ സമയത്താണ് വധിക്കാന്‍ ശ്രമം നടന്നതെന്നും, തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷന്‍ സുഹൃത്തായ വിജീഷ് വഴിയാണ് സുനി അറിഞ്ഞതെന്നുമാണ് വിവരം.
സംഭവം അറിഞ്ഞ സുനി കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കോടതി വളപ്പില്‍ വെച്ച് പൊലീസ് പിടികൂടുന്നതിന് മുമ്പ് സുനിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.