കടമനിട്ടയില്‍ യുവാവ് തീക്കൊളുത്തിയ യുവതി മരിച്ചു; ക്രൂരത പ്രണയം നിരസിച്ചതിനാല്‍
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് നടത്തിയ ആക്രമണത്തില്‍ പൊള്ളലേറ്റു കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.
സമീപവാസിയായ പ്രതി സജില്‍ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശശി പൊന്നമ്മ ദമ്പതികളുടെ മകളാണ് ശാരിക. ജൂലൈ 14ന് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് വൈകിട്ട് അഞ്ചരയോടെ വീടിനു സമീപം ചെന്നു നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി സമ്മതിക്കാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി. പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിയ്ക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.