ബിജെപി മെഡിക്കല്‍ കോളേജ് കോഴ: വിവി രാജേഷ് കെപി ശ്രീശന്‍ എകെ നസീര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് കേന്ദ്ര നേതൃത്വം
മെഡിക്കല്‍ കോളേജ് കോഴ സംഭവം, ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ബി.ജെ.പി. അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. കെ.പി. ശ്രീശന്‍, എ.കെ. നസീര്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ക്കെതിരെ ബി.ജെ.പി. കേന്ദ്ര നേതൃത്വം നടപടിയെടുക്കാന്‍ സാധ്യത.
കെ.പി. ശ്രീശന്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷനും, നസീര്‍ അംഗവുമാണ്. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വി.വി. രാജേഷാണെന്നാണ് ആരോപണം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോര്‍ കമ്മിറ്റിയില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയില്‍ വരിക. അന്വേഷണ കമ്മീഷന്‍ അംഗമായിരിക്കെ റിപ്പോര്‍ട്ട് പുറത്ത് വിട്ട എ.കെ. നസീറിനെതിരെ ഇ മെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. എ.കെ. നസീര്‍ ഹോട്ടല്‍ ഇ മെയില്‍ ഐ.ഡിയിലേക്ക് അയച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയത് വി.വി. രാജേഷാണെന്നാണ് ആരോപണം.