ഇസൂമി റിനോ ജാക്കിചന്ദ് സ്ട്രോങ്ങാകാന്‍ കേരള ബ്ലാസ്റ്റേഴ്സ്; താരങ്ങളെ പരിചയപ്പെടാം
പുതിയ താരങ്ങളെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം റിനോ ആന്റോ, സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ അരാത്ത ഇസൂമി, ജാക്കിചന്ദ് സിങ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍. നാലാം സീസണിനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കുന്നത്.
മുംബൈയില്‍ നടന്ന ഐ.എസ്.എല്‍. പ്ലെയര്‍ ഡ്രാഫ്റ്റിലൂടെയാണ് പുതിയ സീസണിലേക്കുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇവരുള്‍പ്പെടെ മൊത്തം 13 താരങ്ങളെ ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. പ്ലെയര്‍ ഡ്രാഫ്റ്റില്‍ ബ്ലാസ്റ്റേഴ്സിനു വേണ്ടി താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല മുന്‍ ഷില്ലോങ് ലജോങ് പരിശീലകന് താങ്ബോയിക്കായിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒരുപിടി മികച്ച താരങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്സിനായി കളിക്കളത്തില്‍ ബൂട്ടുകെട്ടും. അതേസമയം, ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന മലയാളി താരം അനസ് എടത്തൊടികയെ ഐ.എസ്.എല്ലിലെ നവാഗതരായ ജംഷഡ്പുര്‍ എഫ്.സി സ്വന്തമാക്കി.
ആദ്യ വിളിക്ക് അവസരം ലഭിച്ച ജംഷ്ഡ്പുര്‍ എഫ്.സി. 1.10 കോടി രൂപയ്ക്കാണ് അനസിനെ സ്വന്തമാക്കിയത്. 63 ലക്ഷം രൂപയ്ക്കാണ് റിനോ ആന്റോയെ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിലനിര്‍ത്തിയത്. അനസിനൊപ്പം അതേ മൂല്യമുണ്ടായിരുന്ന യുവതാരം യൂജിങ്സന്‍ ലിങ്ദോയെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി. ലിങ്ദോയെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സും രംഗത്തുണ്ടായിരുന്നെങ്കിലും അന്തിമഫലം കൊല്‍ക്കത്തയ്ക്ക് അനുകൂലമായി.
മലയാളി താരം സക്കീര്‍ മുംണ്ടംപാറയെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. മുംബൈ മലയാളി ഉമേഷ് പേരാമ്പ്ര സഹിതം 13 മലയാളികള്‍ ഉള്‍പ്പെടെ 205 ഇന്ത്യന്‍ താരങ്ങളാണ് ഡ്രാഫ്റ്റിനുണ്ടായിരുന്നത്. പ്ലെയര്‍ ഡ്രാഫ്റ്റില്‍നിന്ന് 134 കളിക്കാര്‍ക്കാണ് നാലാം സീസണിലേക്കു പ്രവേശനം ലഭിച്ചത്.
നേരത്തേ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയിലെ സൂപ്പര്‍താരങ്ങളായിരുന്ന വിനീതിനെയും സന്ദേശ് ജിങ്കാനെയും ടീം മാനേജ്മെന്റ് നിലനിര്‍ത്തിയിരുന്നു. അണ്ടര്‍ 21 വിഭാഗത്തില്‍ കെ. പ്രശാന്തിനെയും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തി.
വിദേശതാരങ്ങളുടെ കാര്യത്തില്‍ കൂടി തീരുമാനമാകുന്നതോടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് നിരയെ അറിയാനാകും. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് സര് അലക്സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായിരുന്ന രെനി മ്യൂലന്‍സ്റ്റീനാണ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്.
താരങ്ങളെ പരിചയപ്പെടാം..
ഗോള്‍കീപ്പര്‍: സുഭാശിഷ് റോയ് ചൗധരി (37 ലക്ഷം). ഡിഫന്‍ഡര്‍മാര്‍: റിനോ ആന്റോ (63 ലക്ഷം) ലാല്റ്വാതാരാ (25 ലക്ഷം) ലാല്‍താക്കിമ (10 ലക്ഷം) പ്രീതം കുമാര്‍ സിങ്, സാമുവല്‍ ശതബ്. മിഡ്ഫീല്‍ഡര്‍മാര്‍: മിലാന് സിങ് (45 ലക്ഷം) അരാത്ത ഇസൂമി (40 ലക്ഷം) ജാക്കിചന്ദ് സിങ് (55 ലക്ഷം) സിയാം ഹങ്കല്‍ (31 ലക്ഷം) ലോകന്‍ മീട്ടെ, അജിത് ശിവന്. സ്ട്രൈക്കര്‍: കരണ്‍ സാഹ്നി