ജയില്‍ തടവുകാരി: വേഷം പട്ടു ചുരിദാര്‍, കാണാന്‍ സ്വന്തമായി എല്‍ഇഡി ടിവി, പ്രത്യേക ഭക്ഷണം, ജോലി ആത്മകഥാ രചന, ഇനി വെള്ള സാരിയില്‍ മറ്റുള്ളവരെ പോലെ..

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പ്രത്യേക ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള പരിഗണനകള്‍. അഞ്ചു സെല്ലുകളില്‍നിന്ന് തടവുകാരെ ഒഴിവാക്കി ഒരു ഇടനാഴി മുഴുവന്‍ ശശികലയ്ക്ക് അനുവദിച്ചു.

പ്രത്യേക കിടക്കയും വിരിയും നല്‍കി. പ്രത്യേക മുറിയില്‍ എല്‍.ഇ.ഡി. ടിവിയും ശശികലയ്ക്ക് അനുവദിച്ചുവെന്ന് ഡി.ഐ.ജി. ഡി രൂപ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ശശികലയ്ക്ക് ജയിലില്‍ നല്‍കിയ പ്രത്യേക പരിഗണനകള്‍ ചൂണ്ടിക്കാണിച്ച് രൂപ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ ജയില്‍ ചുമതലയില്‍ നിന്നും മാറ്റി.

പിന്നാലെ, തടവുകാരുടെ യൂണിഫോമിനു പകരം വിലകൂടിയ പട്ടുചുരിദാര്‍ ധരിച്ച്, കയ്യില്‍ ഫാന്‍സി ബാഗുമായി ബെംഗളൂരു പാരപ്പന സെന്‍ട്രല്‍ ജയില്‍ ഇടനാഴിയില്‍ ഉലാത്തുന്ന ശശികലയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം ജയിലില്‍ പോയപ്പോള്‍ തന്നെ അവിടെ നിയമവിരുദ്ധമായ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് മനസിലായിരുന്നുവെന്നും പല പ്രതികള്‍ക്കും കഞ്ചാവ് ഉപയോഗിക്കാന്‍ ജയിലില്‍ അവസരം ലഭിച്ചിരുന്നുവെന്നും വെളിപ്പെട്ടതായ് രുപ പറഞ്ഞു. മെഡിക്കല്‍ പരിശോധനയിലൂടെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഒരിക്കല്‍ ജയില്‍ ഡോക്ടറെ ജയില്‍പുള്ളി ആക്രമിച്ചെങ്കിലും അയാള്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തില്ല. ഇത്തരം വിഷയങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ശശികലയുടെ കാര്യം മാത്രമല്ല ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ, മാധ്യമങ്ങള്‍ അക്കാര്യം മാത്രം ഉയര്‍ത്തിക്കൊണ്ടുവെന്നും രൂപ പറഞ്ഞു.

സെല്ലില്‍ പ്രത്യേകം എല്‍.ഇ.ഡി. ടെലിവിഷന്‍ നല്‍കിയതിനെക്കുറിച്ച് ശശികലയോട് ചോദിച്ചപ്പോള്‍ മറ്റുതടവുപുള്ളികള്‍ക്കും ഇത് ഉപയോഗിക്കാം എന്നായിരുന്നു മറുപടി. പക്ഷേ, ഒരു പ്രതിക്കു മാത്രമായി ടി.വി അനുവദിക്കാറില്ല. 4060 പേര്‍ വരെയാണ് ഒരു ടി.വി ഉപയോഗിക്കുക രൂപ പറഞ്ഞു.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പുറം ലോകമറിയുകയും വലിയ വാര്‍ത്തയാകുകയും ചെയ്‌തോടെ ശശികല പെട്ടു. വി.കെ.ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണന കിട്ടില്ല. പുതുതായി ചുമതലയേറ്റ പ്രിസണ്‍സ് എ.ഡി.ജി.പി. എന്‍.എസ്.മേഘരിക് ജയില്‍ പ്രവര്‍ത്തന ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായി.

സന്ദര്‍ശകരെ കാണാന്‍ പ്രത്യേക മുറിയും ഇഷ്ടഭക്ഷണമൊരുക്കാന്‍ അടുക്കള സംവിധാനവും, ഇഷ്ടവേഷത്തില്‍ ജയിലിലെ വനിതാ സെല്ലില്‍ ആത്മകഥാ രചനയില്‍ മുഴുകിയിരുന്ന ശശികല ഇതോടെ ജയില്‍വേഷമായ വെള്ളസാരിയിലേക്കു മാറി