നാളെ ദിലീപിനെ കോടതിയില്‍ ഹാജരാക്കാനാകില്ല; സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസ് കോടതിയില്‍
നടന്‍ ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്. യുവനടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ജയിലിലുള്ള ജദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിനു പകരം വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉപയോഗപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
പോലീസിന്റെ അപേക്ഷ സ്വീകരിച്ച കോടതി, ഇതിനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജൂലൈ 10ന് അറസ്റ്റു ചെയ്ത ദിലീപിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ദിലീപ് ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയേയും, അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍, ദിലീപ് ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു.