സുചീലീക്സ് വിവാദചോദ്യം ; അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
ചെന്നൈ : തമിഴിലെ യുവനടന്മാരില്‍ ഒന്നാംനിരയിലുള്ള താരമായ ധനുഷ് ചാനല്‍ അഭിമുഖത്തിന് ഇടയില്‍ ഇറങ്ങിപ്പോയി. ചാനല്‍ അവതാരകയുടെ ചോദ്യത്തിൽ പ്രകോപിതനായ നടൻ ഇതൊരു അനാവശ്യ ഇന്റർവ്യൂ ആണെന്ന് പറഞ്ഞ ശേഷം ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ് സിനിമാലോകത്തിനെ തന്നെ പിടിച്ചുകുലുക്കിയ സുചിലീക്‌സ് വിവാദത്തെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ പ്രകോപിതനാക്കിയത്. ടിവി 9 ചാനലിന്റെ ഹൈദരാബാദിലെ സ്റ്റുഡിയോയിലാണ് സംഭവങ്ങള്‍ നടന്നത്. തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 ന്റെ പ്രചരണാർഥമാണ് ധനുഷ് ചാനലില്‍ എത്തിയത്.
സുചീലീക്സ് ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് കുടുംബജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായോ എന്ന് അവതാരക ചോദിച്ചതും ധനുഷ് ചാടിയെഴുന്നേറ്റ ശേഷം മൈക്ക് ഊരിമാറ്റി സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. സുചിലീക്‌സ് എന്ന പേരിൽ ഗായിക സുചിത്രാ കാർത്തിക്കിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പുറത്തുവന്ന ചൂടൻ ചിത്രങ്ങളിൽ ധനുഷും ഹൻസികയും തൃഷയും അനിരുദ്ധും ഉൾപ്പെടുന്ന സ്വകാര്യ നിമിഷങ്ങളും ഉണ്ടായിരുന്നു. ധനുഷിനെതിരെ പല പരാമർശങ്ങളും ഇതിലൂടെ പുറത്തുവന്നിരുന്നു.