ദിലീപിന് ജാമ്യമില്ല: ഹൈക്കോടതിയും വാദങ്ങള്‍ തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.

നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. മാനെജര്‍ അപ്പുണ്ണിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.