ക്രൂരമായ കൃത്യമാണ് നടന്നത്: ദിലീപിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി പുറപ്പടുവിച്ച വിധിയുടെ ഉള്ളടക്കം വായിക്കാം
സംസ്ഥാനത്തുകൂടി കടന്നു പോകുന്ന ദേശീയപാതയില്‍ വെച്ചാണ് നടി ഉപദ്രവിക്കപ്പെട്ടത് എന്നുള്ളത് ഞെട്ടിക്കുന്നതാണെന്നും അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണിതെന്നും ഹൈക്കോടതി.
ദിലീപിന്റെ ജാമ്യപേക്ഷ തളളിക്കൊണ്ടുളള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ക്രൂരമായ കൃത്യമാണ് നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവനുപോലും അത് ഭീഷണിയാകുമെന്നും ഈ സാഹചര്യത്തില്‍ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ജാമ്യഹര്‍ജി തളളിക്കൊണ്ട് പറഞ്ഞു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ഹര്‍ജി തളളിയതും.
ഹൈക്കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്..
- പ്രഥമദൃഷ്ട്യായുളള തെളിവുകള്‍ പ്രകാരം ദിലീപ് ഇതില്‍ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഒളിവിലുളള ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും കേസിലുള്‍പ്പെട്ട അഭിഭാഷകനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. നിലവിലെ അന്വേഷണത്തില്‍ പുരോഗതിയുണ്ട്.
- നടി ആക്രമിക്കപ്പെട്ടതില്‍ വളരെ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയുമാണ് നടന്നിട്ടുളളത്. അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. വ്യക്തിവിരോധത്തില്‍ നിന്നും ഒരു സ്ത്രീക്കെതിരെയുണ്ടായ ഗുരുതരമായ കുറ്റകൃത്യമാണിത്. അതുകൊണ്ട് തന്നെ എല്ലാവിധ കരുതലുകളോടെയും മാത്രമെ ഇത്തരം കേസുകളില്‍ കോടതി ജാമ്യം നല്‍കാറുളളൂ.
- കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ കേസിലെ ഇരയുടെ ജീവനുപോലും ഭീഷണിയാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കാനാവില്ല.
- ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുളള പരാതിക്കാരന്‍ പ്രശസ്തനായ സിനിമാനടനാണ്. കൂടാതെ സിനിമകളുടെ നിര്‍മ്മാണം, വിതരണം എന്നിവ കൂടാതെ തിയറ്റേറും നടത്തുന്നുണ്ട്. ഇത്തരത്തില്‍ ചലച്ചിത്രരംഗത്തെ ഉന്നതനായ വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ കേസുമായി ബന്ധപ്പെട്ട സിനിമാ മേഖലയില്‍ നിന്നുളള സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും.
നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്.
നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതോടെ അങ്കമാലി കോടതിയില്‍ ദിലീപിനെ ഹാജരാക്കി വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.