മദനിയ്‌ക്കെതിരായ കോടതി വിധി; ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താല്‍

ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി.ഡി.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ബംഗലൂരു കോടതി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പി.ഡി.പിയുടെ ഹര്‍ത്താല്‍. മദനിയോട് കാട്ടുനീതിയാണ് കോടതികളും സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്നും പി.ഡി.പി. സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാതാപിതാക്കളെ കാണാന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ കേരളത്തില്‍ തങ്ങാമെന്നും ബംഗളൂരു എന്‍.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി സമര്‍ച്ചിച്ച അപേക്ഷ ഇന്ന് ബംഗലൂരു കോടതി തള്ളുകയായിരുന്നു.

മദനിക്കു ജാമ്യം നല്‍കിയ സുപ്രീം കോടതി, ഇതിനു മുന്‍പും മാതാപിതാക്കളെ കാണാന്‍ മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇത് മാത്രമേ വിചാരണ കോടതിക്കും അനുവദിക്കാന്‍ കഴിയു എന്ന് എന്‍.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരു സ്‌ഫോടനപരമ്പരക്കേസിലെ 31ാം പ്രതിയായ മദനി നിലവില്‍ ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുന്നെന്ന വ്യാജേന കേരളത്തില്‍ ചുറ്റിക്കറങ്ങാനാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ജാമ്യം നല്‍കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.