14- ാം വയസ്സില്‍ ലൈംഗിക അടിമയാകേണ്ടി വന്ന യസീദിയ പെണ്‍ക്കുട്ടിയുടെ കഥ; ഐഎസിന്റെ തടവറയില്‍ ആറുമാസം അവളനുഭവിച്ചത് അസ്ഥി നുറുങ്ങുന്ന വേദന
ഇതൊരു കഥയാണ് പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥ. ഒരു പെണ്‍കുട്ടിക്ക് തന്റെ ചെറു പ്രായത്തില്‍ അനുഭവിക്കാവുന്നതില്‍ വെച്ച് ഏറ്റവും ക്രൂരമായ, വേദന സമ്മാനിച്ച കഥ. പതിനാല് വയസ്സുള്ളപ്പോഴാണ് എഖ്ലസ് എന്ന യസീദി പെണ്‍കുട്ടി ഐ.എസിന്റെ പിടിയിലാകുന്നത്.
ആറുമാസത്തോളം അവരുടെ ലൈംഗിക അടിമയായി അവള്‍ക്ക് ജീവിക്കേണ്ടി വന്നു. ഈ കാലത്തിനിടെ അവള് അനുഭവിച്ച നരക യാതനകളെ കുറിച്ച് പുറം ലോകത്തോടു പറയുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറുകയും കണ്ണുകളില്‍ ഭീതി നിഴലിക്കുകയും ചെയ്യുന്നത് കാണാം.
ഇനി കരയാന്‍ കണ്ണീരില്ല, പക്ഷെ കരയാതെ എങ്ങനെ ഞാന്‍ എന്റെ കഥ പറയുമെന്നാണ് അവള് ചോദിക്കുന്നത്. ഇത് കേള്‍ക്കുന്നവരുടെ കണ്ണ് പോലും ഈറനണിയും എന്നതാണ് സത്യം. ഒടുവില്‍ ഐ.എസ്. ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട അവള് ഭയപ്പെടുത്തുന്ന തന്റെ അനുഭവം വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
അയാള്‍ വളരെ വിരൂപനായിരുന്നു. അതുകൊണ്ടാവാം എനിക്കയാളെ ഒരു രാക്ഷസനെപ്പോലെയാണ് തോന്നിയത്. കറുത്ത നീണ്ട മുടിയുള്ള ഒരു വികൃതരൂപം. അയാളുടെ ശരീരത്തിന് ഒരു വൃത്തികെട്ട മണമായിരുന്നു.
എല്ലായിപ്പോഴും ഞാന്‍ അയാളെ വല്ലാതെ ഭയന്നിരുന്നു. ഒരിക്കല്‍ പോലും എനിക്ക് അയാളെ കണ്ണ് തുറന്നു നോക്കാന്‍ പോലും കഴിയാറുണ്ടായിരുന്നില്ല. പക്ഷെ ഒന്നെനിക്കറിയാം ഐ.എസിന്റെ തടവില്‍ ലൈംഗിക അടിമയായി കഴിയുന്നതിനേക്കാള്‍ നല്ലത് മരണമാണ്.
തടവിലാക്കപ്പെട്ട 150 പെണ്‍കുട്ടികളുടെ പേരെഴുതിയിട്ട് അതില്‍ നിന്ന് നറുക്കെടുത്താണ് തന്നെ അയാളുടെ ലൈംഗിക അടിമയായി തിരഞ്ഞെടുത്തത്. ആറുമാസം നിത്യവും ഞാന്‍ പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ താന്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. ഒടുവില്‍ എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു ചിന്തയെന്നും എഖ്ലസ് പറയുന്നു.
ഐ.എസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട എഖ്ലസ് ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് എത്തിയത്. പക്ഷെ ഇന്നവള്‍ ജര്‍മനിയിലുള്ള ഒരു മാനസികാരോഗ്യകേന്ദ്രത്തിലാണ്. പഠനവും തെറാപ്പിയും നടക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇരുണ്ട ദിനങ്ങളെ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി പിഴുതെറിയണം അവള്‍ക്ക്.
എന്നിട്ട് നല്ലൊരു അഭിഭാഷകയാകണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസാരിക്കണം. ജീവിതം തനിക്ക് നല്കിയ കയ്പ്പു നീരില്‍ നിന്ന് ഉള്‍ക്കെണ്ട ഊര്‍ജ്ജം ഇങ്ങനെ തകര്‍ക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി പകര്‍ന്നു നല്‍കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആ സ്വപ്ന ചിറകുകള് തുവല്‍ വിടര്‍ത്തുകയാണ് നല്ല നാളെയിലേയ്ക്ക്.
തന്റെ ജീവിതാനുഭവങ്ങള്‍ ബിബിസിയോടാണ് എഖ്ലസ് പങ്കുവെച്ചത്. കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള വിവിധ ഇസ്ലാമിക വിശ്വാസ സമ്പ്രദായങ്ങള്‍ പിന്തുടരുന്ന വിഭാഗമാണ് യസീദി സമുദായം. ഏകദേശം 400,000 പേരുള്ള സമുദായമാണിത്.
ഐ.എസ്. ഭീകരര്‍ ഇവരെ സാത്താന് സേവകരരായാണ് കാണുന്നത്. സ്ത്രീകളെയും കുട്ടികളെയും ഭീകരര്‍ പിടികൂടി അവരുടെ താവളത്തിലേക്കു കൊണ്ടുപോയി. ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും അവരുടെ ലൈംഗിക അടിമകളായി ജീവിക്കേണ്ടിയും വന്നു.