ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ ചൈനീസ് സന്ദര്‍ശനം അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് ചൈനീസ് മാധ്യമം

ബ്രിക്‌സ് ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു വേണ്ടിയല്ല എത്തുന്നതെന്ന് ചൈനീസ് മാധ്യമം.

സിക്കിം അതിര്‍ത്തിയില്‍ ദോക്‌ലായില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല യോഗമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം ‘ഗ്ലോബല്‍ ടൈംസ്’ എഴുതി.

ദോക് ലാ മേഖലയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നിലെ കൗശലക്കാരന്‍ അജിത് ദോവലാണെന്നാണു കരുതുന്നത്. അദ്ദേഹത്തിന്റെ ചൈനാ സന്ദര്‍ശനം ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കരുതുന്നത്.

ഇന്ത്യ പലകാര്യങ്ങളും തെറ്റിദ്ധരിക്കുകയാണ്. സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരുക സാധാരണ നടപടിമാത്രമാണ്. ദോവലിന്റെ ചൈനാ സന്ദര്‍ശനം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരമല്ല ചൈനീസ് മാധ്യമം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

ബ്രിക്‌സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം 27, 28 തീയതികളില്‍ ബെയ്ജിങ്ങില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിനിടെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് പ്രതിനിധി യാങ് ജിയേച്ചിയും ചര്‍ച്ച നടത്തുമെന്നാണു പ്രതീക്ഷ.

ഈ കൂടിക്കാഴ്ചയില്‍ നിലവില്‍ ദോക് ലാ മേഖലയില്‍ ഇരുസൈന്യവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചയാകുമെന്നാണു കരുതുന്നത്. ഈ സാധ്യതകളെയാണു ചൈനീസ് മാധ്യമം തള്ളിയത്.